Showing posts with label പ്രസക്തം-നർമ്മം.. Show all posts
Showing posts with label പ്രസക്തം-നർമ്മം.. Show all posts

Friday, January 21, 2011

വ്യായാമം.


കുംഭകർണ്ണസേവ സ്വയം തൊഴിലാക്കി, കൂർക്കം വലി ആസ്ഥാന കലയായി സ്വീകരിച്ച് സസുഖം വാഴുകയായിരുന്നു ഞാൻ. എന്റെ തേർവാഴ്ചയിൽ മനം നൊന്ത് എന്റെ നല്ലപാതി ഏത് സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയാലും അന്തം വിട്ട് വായും തുറന്ന് ഉറക്കം പതിവാക്കിയിരുന്നു. അതിൽ അരിശം പൂണ്ട് ഞാനവളെ ശകാരിക്കയും പതിവായിരുന്നു.

അങ്ങനെയിരിക്കെ എന്റെ വലത്തേ ചെവി ഒന്ന് പണിമുടക്കി.ഒരു വർഷം മുൻപെ സാമാന്യം തരക്കേടില്ലാത്ത-തട്ടിപ്പോകാൻ സാധ്യത ഉണ്ടായിരുന്ന- ശസ്ത്രക്രിയ അരങ്ങേറ്റം നടത്തിയിരുന്നു.രൂപ 63,000 വെറുതെ പോയി എന്ന അപായ ചിഹ്നമായി രക്തം വരാനും തുടങ്ങി.ബേജാറായ, കെട്ട്യോൾ ഡോക്ടറെ വിളിക്കുകയും നമ്പർ ബുക്ക് ചെയ്യുകയും ചെയ്തു. അങ്ങിനെ അതിന്റെ പിന്നാലെ ഒരു മാസം നടന്നു. കാര്യമായ വ്യത്യാസമൊന്നുമില്ല. ഡോക്ടർക്ക് വ്യക്തമായി ഒരു മറുപടിയും ഇല്ല. ചികിത്സാചിലവും മറ്റുമായി എന്റെ ട്രൗസർ പൊളിയാനും തുടങ്ങി. അപ്പോഴാണ്‌ ഒരു സുഹൃത്ത് പറഞ്ഞത് തൃശ്ശൂർ എലൈറ്റിൽ ഡോക്ടർ പ്രകാശിനെ കാണാം എന്ന്. ഇതിനകം ശമ്പള നിരക്കിൽ നിന്ന് ലീവെടുത്ത നിലയിൽ രൂപ 5,000 കമ്മിയും ആയിരിക്കുന്നു.

അങ്ങിനെ ഒരു തിങ്കളാഴ്ച ഡോക്ടറെ കണ്ടു.ചികിത്സയും തുടങ്ങി.ഭാഗ്യത്തിന്‌ അദ്ദേഹം മരുന്നൊന്നും എഴുതിയില്ല. ചില ചിട്ടകളും കഴിച്ചുകൊണ്ടിരുന്ന മരുന്നുകളും കഴിക്കാൻ പറഞ്ഞു.

ഇടക്കു കയറി എന്റെ ഭാര്യ ഡോക്ടറോട് ചോദിച്ചു.
“ഡൊക്ടർ...കൂർക്കം വലിക്ക് ചികിത്സയുണ്ടോ..?” അത് പറഞ്ഞ് അവളെന്റെ മുഖത്തേക്ക് നോക്കി.
“ഉണ്ടല്ലോ..ആർക്കാ...”
“ഇങ്ങേർക്ക് തന്നെയാ...”
“ഓ അത് പ്രശ്നമാക്കേണ്ട കുറച്ച് എക്സർസൈസ് ചെയ്താൽ മതി ശെരിയായിക്കോളും..”
“എന്റെ കാര്യം കഷ്ടം”. ഭാര്യ എന്റെ ചിരിച്ച മൊന്തായത്തിൽ കണ്ണുഴിഞ്ഞു കൊണ്ട് മൊഴിഞ്ഞു.
തിരിച്ചുള്ള യാത്രയിൽ അവൾ പതിവുപോലെ വായും തുറന്നുറങ്ങി.
ആഴ്ചയുടെ വെടിവെട്ടങ്ങൾക്ക് ശേഷം,
കൊച്ചിയിലേക്ക് തിരിക്കുമ്പോൾ ഭാര്യ ഓർമ്മിപ്പിച്ചു.‘വ്യായാമം’..!!?.
“ഈ മകരക്കുളിരിലോ, മഞ്ഞിലോ..സാധ്യമല്ല. ഡോക്ടർ പറഞ്ഞില്ലേ ജലദോഷം വരാൻ പാടില്ലെന്ന്..?”
“പറ്റില്ല നിങ്ങൾ നടന്നേ പറ്റൂ” അവൾ ചിണുങ്ങി.
“എന്നാൾ ഞാൻ ജിമ്മിന്‌ പോകാo”
“എന്തിന്‌ ജിമ്മിനോ..?” ഞാൻ എന്തോ മഹാപാതകം ചെയ്യാൻ പോണത് പോലെ ആയിരുന്നു അവളുടെ ചോദ്യം.

അവൾ അങ്ങിനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.കാരണം, ഈയിടെ ഞാൻ മീശയെല്ലാം എടുത്ത് ഒന്ന് ചുള്ളനാവാൻ ശ്രമിച്ചിരുന്നു.‘ഈ നാല്പത്താറാം വയസ്സിലാണ്‌ നിങ്ങടെ പിള്ളാര്‌കളി’എന്നവൾ പറഞ്ഞത് ഞാനോർക്കുന്നു.അത് കൂടാതെ ഇനി ജിമ്മും കൂടി ആയാൽ അവൾക്ക് സഹിക്കുമോ..?.പെണ്ണല്ലേ ജാതി.

അങ്ങിനെ കൊച്ചിയിലെത്തി, ജോലി കഴിഞ്ഞ് പോകുമ്പോൾ ബോഡി ക്രാഫ്റ്റിലൊന്ന് കയറി, പേർ രെജിസ്റ്റർ ചെയ്തു, പണവും കൊടുത്തൂ.രാവിലെ തൊട്ട് കസർത്ത് ആവാം എന്ന കരാറും ആയി. പിറ്റേന്ന് രാവിലെ ട്രാക്ക്സ്യൂട്ടും കേറ്റി ബോഡി ക്രാഫ്റ്റിന്റെ പടി കയറുമ്പോൾ ഇന്ന് ആകെ ഒന്ന്മലമറിക്കാം എന്നായിരുന്നു ചിന്ത. ആദ്യായിട്ടാണ്‌ ഇങ്ങനെ ഒരു കാര്യത്തിന്‌ ഇറങ്ങുന്നത്.അതിന്റെ അഹംഭാവം ആകാം അത്തരം ഒരു ചിന്തക്ക് കാരണമായത്. ആ പടി കയറിയപ്പൊഴേ അണപ്പ് തുടങ്ങി. ഇനിയുള്ളതെന്തായിരിക്കും..?. അങ്ങിനെ ട്രൈനർ പ്രദീപ്ഐറ്റങ്ങൾ ഓരോന്നും കാണിച്ചു തരാൻ തുടങ്ങി.അതനുകരിച്ച് ഞാനും തുടങ്ങി. ഒന്ന് രണ്ട് ഐറ്റംസൊക്കെ തരക്കേടില്ലാതെ ചെയ്തു.മൂന്നാമത്തേത് ചെയ്തു തുടങ്ങിയപ്പോഴെക്കും ഭൂമി ഉരുണ്ടുതാണെന്ന് മനസ്സിലായി തുടങ്ങി.ഒരു വിധം അതവസാനിപ്പിച്ച് നാലിലേക്ക് കടന്നു. അങ്ങനെ വലതുകാൽ ഉയർത്തി ഇടതു കയ്യിൽ അടിച്ചു. പല ആവർത്തിചെയ്തു. പിന്നെ എന്തേ ണ്ടായതെന്നറിയില്ല ‘ദേ കെടക്കണ്‌ ധിം തരികിടതോം’.മയക്കം വിട്ട് കണ്ണു തുറന്നപ്പോൾ മുഖത്ത് വെള്ളം തെറുപ്പിച്ച് ട്രൈനറും ചുറ്റും സഹവ്യായാമന്മാരും.

മുഖം തുടച്ച് ചുമരും ചാരിയിരിക്കെ ഞാൻ ആലോചിച്ചു. ‘അധര,അരവ്യായാമ’മല്ലാതെ മറ്റു വ്യായാമങ്ങളൊന്നും പതിറ്റാണ്ടുകളായി ഞാൻ ചെയ്തിട്ടില്ല. ഈ നിലക്ക് വല്ല പട്ടിയോ,വർഗ്ഗീയ വാദിയോ, പോലീസൊ ഓടിച്ചു വിട്ടാൽ എന്റെ അവസ്ഥ എന്തായിരിക്കും..?