
വർഷമേഘങ്ങൾ പെയ്തു തോർന്ന ഒരു പുലർക്കാലം, വരിക്കപ്ലാവിലെ ശിഖരത്തിലിരുന്ന് കാക്ക കുറുകി. ഇടനാഴിയിലെ ജന്നൽ വാതിൽ പതുക്കെ തുറന്ന് നോക്കി.ഇന്ന് ആരായിരിക്കും വിരുന്നുകാരൻ?.
അല്ല, ഞാൻ തന്നെ ഒരു വിരുന്നുകാരനല്ലേ..,നീരു വീണ കാല്മുട്ട് തടവി അയാൾ ആലോചിച്ചു.
മഴയുടെ തോഴനായ മലേഷ്യ വിട്ട് മഴക്കാലം ആസ്വദിക്കാൻ ജന്മനാട്ടിലേക്ക് വന്നതായിരുന്നു അയാൾ.അവിടത്തെ മഴക്ക് ഒട്ടും ആത്മാവില്ല.മഴയും വെയിലും മത്സരിച്ചു പ്രസരിക്കുന്ന ആ നാടിന്റെ ഭംഗിയും സംസ്കാരവും തുലോം വ്യത്യസ്തമാണ് കേരളത്തിൽ. എങ്കിലും, മഴയുടെ ആത്മാവ് തൊട്ടറിയണമെങ്കിൽ ഇങ്ങ് കേരളമണ്ണീൽ തന്നെ വരണം.ഒന്നുമില്ലെങ്കിലും ജന്മം തന്ന നാടല്ലേ?.
ഒരു പെണ്ണിന്റെ ആത്മാവാണ് കൈരളിയുടെ മഴക്ക്. ചില നേരങ്ങളിൽ മഴ ഒരുന്മാദിനിയെ പോലെ സകലതും തല്ലിത്തകർത്ത്, ആർത്തട്ടഹസിച്ച്,മറ്റു ചിലപ്പോൾ ആർത്തുല്ലസിച്ച്, അല്ലെകിൽ ഒരു ശല്യക്കാരിയെ പോലെ,ഇനിയെങ്ങാനും ഒരു തെമ്മാടിക്കാറ്റ് അവളെയൊന്ന് കടക്കണ്ണെറിഞ്ഞാലൊ..! ഒരു മണവാട്ടിയെ പോലെ കുണുങ്ങി കുണുങ്ങി അവൾ ലാസ്യം പെയ്തിറങ്ങും.അവസാനം തുണ നഷ്ടപ്പെട്ടവനെ പോലെ അവൾ മൂകം കരയിക്കും. അതൊരേകാന്തതയുടെ രോദനം ആണ്.
ഒരർത്ഥത്തിൽ താനും അത് പോലെയല്ലേ ?. എന്നും താങ്ങും തണലുമായിരുന്ന പ്രാണപ്രേയസ്സി എന്നെന്നേക്കുമായി പോയ് മറഞ്ഞപ്പോൾ തന്നു പോയതല്ലേ ഈ ഏകാന്തത. പരിപാലിക്കാൻ പരിചാരകരും മക്കളൂം ബന്ധുക്കളും ഉണ്ടായിട്ടും ആ നഷ്ടപ്പെടലിന്റെ നോവ് ഈ ഏകാന്തതയിലൂടെ ഞാൻ അറിയുന്നു.
മഴ ആഴത്തിൽ പെയ്തു തുടങ്ങി.ഇവിടെ മഴക്കിലുക്കം ഞാൻ അറിയുന്നു.ഈ മഴക്കിലുക്കം പോലെ പൊട്ടിച്ചിരിക്കാൻ ആയെങ്കിൽ.അല്ലെങ്കിൽ തിമിർത്തു പെയ്യുന്ന പേമാരിയെ പോലെ ആർത്തു കരയാനായെങ്കിൽ.
അയാൾ ചാരുകസേരയിൽ കാത്തിരുന്നു ആർക്കോ വേണ്ടീ . മഴ തോർന്നു തുടങ്ങി,വൃക്ഷക്കൊമ്പിലെ കാക്ക ചിറകിലെ വെള്ളം കുതറിത്തെറിപ്പിച്ച് എങ്ങോ പറന്നു പോയി. വിരുന്നറിയിക്കാനായി.