
അ
ഊർന്നിറങ്ങിയ വള്ളിക്കലസവും
കുടുക്കു പൊട്ടിയ കുപ്പായവും
വക്കുപൊട്ടിയ സ്ലേറ്റും പേറി ഒരു ചെക്കൻ.
‘അമ്മ’ എന്നെഴുതാൻ പറഞ്ഞത് അന്നാസ് ടീച്ചർ
അറിയില്ലെന്ന് പറഞ്ഞ് ‘അ’യിലൊതുക്കി.
മ + മ = മരമണ്ടൻ
അമ്മ മലയാളം അറിയാത്ത ഗുരുത്വം കെട്ട ചെക്കൻ.
ഭീതിയുടെ മുനമ്പിൽ അന്തിച്ചിരുന്നു ബാല്യം.
വാക്കു മുറിഞ്ഞു , സ്വരം തണുത്തു.
ആ
കൗമാരത്തിന്റെ ഒതുക്കുകല്ലിൽ
കോറിയിട്ടു പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ
ആദ്യമെഴുതിയ കവിത പ്രേമകവിത
കവിതയുടെ കഴുത്തിന് പിടിച്ച്
അമ്മ മൊഴിഞ്ഞു- തലതിരിഞ്ഞവൻ.
ഇ
ഇറങ്ങിയോടിയ അക്ഷരങ്ങളെ തേടിയിറങ്ങിയത്
വിപ്ലവത്തിന്റെ യൗവ്വനത്തിലേക്ക്
ചോരകൊണ്ടെഴുതിയതെല്ലാം
ചുവർ ചിത്രങ്ങളായി.
നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ.
അച്ഛൻ പറഞ്ഞു- നിഷേധി
ഈ
നിഷേധത്തിനൊടുവിൽ
വലിച്ചെറിയപ്പെട്ടതോ
സ്വയം തിരഞ്ഞെടുത്തതോ
അറിയില്ല,
അതായിരുന്നു പ്രവാസം.
ആവർത്തനങ്ങളുടെ
ജീവിതക്രമങ്ങളാൽ
ക്രമം തെറ്റിയ മനസ്സ്
ദിക്കറിയാതെ
അവനവൻശെരികളിൽ
തോറ്റമ്പാട്ടെഴുതിയ
ദാമ്പത്യം.
ഉ
ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
അക്ഷരങ്ങൾ കോർത്തെടുക്കുമ്പോൾ
സ്വരങ്ങളും
വ്യഞ്ഞ്ജനങ്ങളും
ചില്ലക്ഷരങ്ങളും
ദീർഘങ്ങളും
ഇനിയും ബാക്കി വെക്കുന്ന
ജീവിതാക്ഷരങ്ങൾ തന്നെ.
ഈ അവസാനയാമങ്ങളിലാവട്ടെ
എന്റെ യഥാർത്ഥ ഹരിശ്രി.
ഹരിശ്രീ...അമ്മ മലയാളം.