Sunday, September 28, 2014
“മനസ്സിന്റെ ബാന്റ് വിഡ്ത്തിൽ ഒരു കാക്ക”
.
ഒരു വലിയ യാത്ര പറഞ്ഞു പോയി നമ്മുടെ മനോരാജ്. അങ്ങിനെയാണെനിയ്ക്ക് തോന്നിയത്. ഒരാഴ്ച മുമ്പ് എന്നെ വിളിയ്ക്കുമ്പോൾ ഒരിടർച്ചയുണ്ടായിരുന്നു ആ പതിഞ്ഞ സ്വരത്തിന്. ശ്വാസം വല്ലാതെ അണയ്ക്കുന്നുണ്ട്.
മൂന്നര ആണ്ടോളമായി മനോരാജ് അസ്ക്യതയുടെ കണ്ടുപിടിക്കാനാത്ത ലോകത്തായിരുന്നു. സ്വരം കെട്ട സരണിയിലായിരുന്നു ഇക്കാലമെങ്കിലും സർഗ്ഗസരണിയിൽ അവൻ തിളങ്ങി തന്നെ നിന്നു. അതുകൊണ്ടാണല്ലോ “ജീവിതത്തിന്റെ ബാന്റ്വിഡ്ത്തിൽ ഒരു കാക്ക”യൊക്കെ പിറന്നത്. വയ്യായ്മയുടെ കാഴ്ചയ്ക്ക് തിമിരത്തിന്റെ നിറം കലർന്നപ്പോൾ അവൻ നന്നേ വിഷമിച്ചു. “ഇക്കാ” എന്ന് വിളിച്ച് വരുമ്പോൾ തന്നെ ഞാൻ അവനെ കൊണ്ട് സംസാരിപ്പിക്കാറില്ല. എന്നാലും, അവനെന്നോട് ചോദിക്കുന്നത് എന്റെ പ്രശ്നങ്ങളെ കുറിച്ചായിരിക്കും. പ്രത്യേകിച്ചും സാമ്പത്തീക ബാധ്യതയെ കുറിച്ച്. പ്രയാസത്തിലും എന്നെ സഹായിക്കാനുള്ള മനസ്സ് അവനറിയിക്കും. ആവശ്യമുണ്ടെങ്കിൽ ഞാനറിയിക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറും ഓരോതവണയും.
അവസാനമായി പറഞ്ഞത് “ കൃതി ” ബുക്സിനെ കുറിച്ചായിരുന്നു. അതെങ്ങിനെയെങ്കിലും മുന്നോട്ട് കൊണ്ടു പോകണം എന്നായിരുന്നു ആ വാക്ക്. ഒരു കാരണവരുടെ സ്വരം ഉണ്ടായിരുന്നു ആ വാക്കുകൾക്ക്. മലയാളത്തിലെ ഇരുത്തം വന്നവരുടേതടക്കം പ്രസിദ്ധീകരിക്കാൻ പാകമായതും അണിയറയിൽ ഒരുങ്ങുന്നതുമായ വിഭവങ്ങൾ ഉണ്ടായിട്ടും അതെവിടെയും എത്താത്തതിലുള്ള ദു:ഖവും അമർഷവും ആ വാക്കുകളിൽ ഉണ്ടായിരുന്നു. എന്റെ തിരക്കിട്ട ഓട്ടങ്ങൾക്കിടയിൽ കൃതിയുടെ ഒരു സാരഥിയായി നിന്നതും അവനു വേണ്ടി മാത്രമായിരുന്നു. അവനില്ലാത്ത കൃതി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇനിയെന്ത് എന്ന ചോദ്യം ഒരു പ്രഹേളികയാക്കി അവൻ പുറപ്പെട്ടു പോയി.
Saturday, June 16, 2012
കുട
Labels:
കവിത,
ബ്ലൊഗ് കവിത,
യൂസുഫ്പ,
വർഷമേഘങ്ങൾ
Wednesday, March 21, 2012
“വനദിനവും കവിതാദിനവും”....
വനദിനവും കവിതാദിനവും വന്നു
ഒരു കരിദിനം പോലെ.
പെരാലും ആര്യവേപ്പും വേളികൊണ്ടു,
ചേരുംപടി ചേർക്കാത്ത കവിത പോലെ.
മരം വേരോടെ പിഴുതെടുത്തു
തലകീഴായ് നട്ടു കോൺക്രീറ്റ് വനങ്ങളിൽ.
മഹാസൃഷ്ടിയെന്നും മഹാശില്പമെന്നും
വാനോളം പുകഴ്ത്തി വനദിനം
സോമരസപ്രതാപവും,പ്രധാനവുമായി.
ഇല്ല കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
ഉണ്ട് കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
പെറ്റമ്മയെ പുലയാട്ടുപറയും കാലമല്ലോ..?
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
ആശാനും ഉള്ളൂരും വള്ളത്തോളും
ഇടശ്ശേരി ചങ്ങമ്പുഴ ഇടപ്പള്ളിയും
ഒ എന്‍ വി വയലാര്‍ യൂസഫലിയും
സുഗതകുമാരിയും കടമ്മനിട്ടയും
അറിയപ്പെടാകവി ബാലചന്ദ്രൻ മുല്ലശ്ശേരിയും
നട്ടു നല്കിയ കാവ്യമരം
പൂത്തുലഞ്ഞതും സൗരഭ്യം പകർന്നതും പോയ കാലമല്ല.
ആശാനും ഉള്ളൂരും വള്ളത്തോളും
ഇടശ്ശേരി ചങ്ങമ്പുഴ ഇടപ്പള്ളിയും
ഒ എന്‍ വി വയലാര്‍ യൂസഫലിയും
സുഗതകുമാരിയും കടമ്മനിട്ടയും
അറിയപ്പെടാകവി ബാലചന്ദ്രൻ മുല്ലശ്ശേരിയും
നട്ടു നല്കിയ കാവ്യമരം
പൂത്തുലഞ്ഞതും സൗരഭ്യം പകർന്നതും പോയ കാലമല്ല.
നെഞ്ചേറ്റി കനി ഭക്ഷിച്ച് വാമൊഴി പാടി
സച്ചിദാനന്ദനും വിനയചന്ദ്രനും
ചുള്ളിക്കാടും വിജയലക്ഷ്മിയും
ജ്യോതിബായിയും ഗീതാരാജനും ചാന്ദ്നിയും
പ്രയാണും കലേഷും ശൈലനും വീരാൻ കുട്ടിയും
ചുള്ളിക്കാടും വിജയലക്ഷ്മിയും
ജ്യോതിബായിയും ഗീതാരാജനും ചാന്ദ്നിയും
പ്രയാണും കലേഷും ശൈലനും വീരാൻ കുട്ടിയും
കുഴൂരും നസീർ കടിക്കാടും റ്റിപി അനിൽ കുമാറുമടക്കമു-
ണ്ടല്ലോമനേകം കാവ്യധാരകൾ, കോകിലങ്ങളീകാവ്യവൃക്ഷത്തണലിൽ
ഉണ്ടാകട്ടെ അനേകം വൃക്ഷങ്ങൾ
നശിച്ചീടുമീ ഭൂമിയെ രക്ഷിപ്പാൻ
നട്ടു നനച്ചീടുക, മാമരങ്ങൾ
മർമ്മരങ്ങളായ് കവിതയേററു പാടട്ടെ.
* ലോക വനദിനവും ലോക കവിതാ ദിനവും വന്നു ഒരു നിയൊഗം പോലെ.
ഇന്ന് 21.03.2012 ഈ രണ്ടുദിനങ്ങളും ആചരിക്കുന്നു ഒരനുഷ്ടാനം പോലെ
Labels:
കവിത,
കവിതാദിനം,
ബ്ലൊഗ് കവിത,
യൂസുഫ്പ,
വനദിനം,
വർഷമേഘങ്ങൾ
Wednesday, March 7, 2012
മാമ്പഴം , പിന്നെ അണ്ടി .
ഇപ്പൊ, നിങ്ങളെന്നെ
പുളിയെന്നും ചുണയെന്നും പറയും
നാളെ , ഉള്ളം തുടുക്കുംപോള്‍
എന്റെ ശരീരവും ചുവക്കും
അപ്പൊ ,നിങ്ങളെന്റെ
മാംസം കടിച്ചുകീറി ചോരയൂറ്റിക്കുടിക്കും.
അവസാനം നിങ്ങളെന്നെ വലിച്ചെറിയും .
എങ്കിലും ഞാന്‍ ചാവില്ല.
വെയിലേറ്റ് ,മഴയേറ്റ്,മഞ്ഞേറ്റ്
ഞാനുണരും,കാറ്റേററ് ഞാനുറയും,
പിന്നെ, പുഷ്പിണിയാകും
എന്റെ ആര്‍ത്തവരക്തം
രുചിക്കാന്‍ വണ്ടണയും
പിന്നെ ഞാനമ്മയാകും
എന്നിക്കുണ്ടാകുമനേകം കുഞ്ഞുങ്ങള്‍ ..
ഒരപേക്ഷ...,
നിങ്ങളവരെ വളരാനനുവദിക്കുക
ഇളം പ്രായത്തിലവരുടെ കന്യകാത്വം
കാര്‍ബൈഡും എൻഡോസൽഫാനും നല്കി കാര്‍ന്നുതിന്നരുത്.
ഹ്ആ..മാങ്ങ, അണ്ടി ..രണ്ടും കെട്ട ജമ്മം
Wednesday, February 15, 2012
തർക്കചിത്രങ്ങൾ...
നമ്മെ തേടി വരാനിര്രിക്കുന്നു.
അത്, കൊടുങ്കാറ്റായും
പേമാരിയായും
പ്രളയമായും
നാശം വിതച്ചു കൊണ്ടേയിരിക്കും
അന്ന്, പ്രണയം പൂക്കില്ല
രാസകേളിയില്ല
രതിക്രീഡയില്ല
വ്യവഹാരങ്ങളില്ല
കൊള്ളക്കൊടുക്കകളില്ല
ബന്ധങ്ങളും, ബന്ധനങ്ങളുമില്ല.
നശിക്കും സർവ്വവും..
അന്നുണ്ടാകില്ല
ഉറ്റോരുടയോർ
പിന്നെയോ..?
ഉയർത്തപ്പെടും മനുഷ്യജന്മങ്ങളെ
ഉടുതുണിയില്ലാതെ
അവർ നടന്നും പറന്നും
അലഞ്ഞുകൊണ്ടേയിരിക്കും
പിന്നെയവർ വാവിട്ടലറും
തർക്കങ്ങളിലേർപ്പെടും
അവയൊക്കെ പ്രതിധ്വനിയില്ലാതെ
മേഘപാളികളിലലിയും
മേഘം കറുക്കും കനക്കും
എന്നിട്ടുമവർ നാവുകൊണ്ട്
ആകാശത്തിൽ ചിത്രമെഴുതും
മുല്ലപ്പെരിയാർ,ലോക്പാൽ,
കാശ്മീർ,ഇറാൻ,ഇറാഖ്,
പലസ്തീൻ, ഈജിപ്ത്,സിറിയ,
എണ്ണ,വെള്ളം,പെണ്ണ്,ധനം
തുടങ്ങി സർവ്വവുമവർ
വിഷയമാക്കും...
എണ്ണിയാലൊടുങ്ങാത്ത
ചിത്രങ്ങൾ...തർക്കചിത്രങ്ങൾ...
Monday, December 26, 2011
Friday, November 11, 2011
സ്വര്‍ണ്ണ നിറമുള്ള കണ്ണട

ഇന്നലെയും ഞാനാ സ്വപ്നം കണ്ടു. സ്വര്‍ണ്ണ നിറമുള്ള കണ്ണട.എന്നത്തേയും പോലെയല്ല ഞാനത് കണ്ടത്. അതിന്റെ ചില്ലുകള്‍ നാനാവിധം ഉടഞ്ഞു പോയിരിക്കുന്നു.
ആ ചില്ലുകഷണങ്ങള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞ് കൊഞ്ഞനം കൊത്തി. ഉറക്കമുണര്‍ന്നിട്ടും അത് എന്നെ വല്ലാതെ അലട്ടുന്നു. വല്ലാത്തൊരസ്വസ്ഥത, മനസ്സ് മണലാരണ്യം വിട്ട് ഗ്രാമത്തിലെ സ്വന്തം തറവാട്ടിലേക്ക് ചേക്കേറി.
ഓരോ തവണയും അവധിയ്ക്ക് ചെല്ലുമ്പോള്‍ അമ്മ പറയും-
“മോനെ ന്റെ കണ്ണട ഒന്ന് മാറ്റി തരൊ യ്യ്?”.
“അമ്മക്കെന്തിനാ ഇപ്പൊരു കണ്ണട. അതിനൊരു കേടൂല്യല്ലോ?”
“ഈ നെറം കെട്ട കണ്ണട ഇടാന്‍ തൊടങ്ങീട്ട് ശ്ശ്യായില്ലേ. നീ വരുമ്പോള്‍ നെന്നോട് പറയും, അരുണ്‍ വരുമ്പോള്‍ അവനോടും പറയും. ആര്‍ക്കും ന്റെ കാര്യത്തിലൊരു ശ്രദ്ധീല്യ. ഓരോര്‍ത്തര്‍ക്കും കുടുംബായി കുട്ട്യോളായി അവര്ടെ കാര്യായി”
അമ്മ ഓരോന്നായി എണ്ണിപ്പെറുക്കി വ്യസനിക്കാന്‍ തുടങ്ങി.അമ്മയുടെ ആഗ്രഹമാണ് സ്വര്‍ണ്ണ നിറത്തിലുള്ളൊരു കണ്ണട. കഴിഞ്ഞ തവണ അനുവിന്റെ കണ്ണട മാറ്റാന്‍ പോയപ്പോഴും അമ്മ സൂചിപ്പിച്ചതായിരുന്നു.
ഞാനത് കേട്ടതായി ഭാവിച്ചില്ല. . അനുവിന് വിലകൂടിയ ഫ്രെയിം ലെസ്സാണ് വാങ്ങിയത് ഇപ്രാവശ്യം. അവളത് നേരെ ചെന്ന് അമ്മയുടെ അടുത്ത് പറയുകയും ചെയ്തു.
“അമ്മമ്മേ... കണ്ണട വാങ്ങി. എങ്ങനീണ്ട്ന്ന് നോക്ക്യ”.
അമ്മ സന്തോഷത്തോടെ കവര്‍ പൊളിച്ചു നൊക്കി.
“സ്വര്‍ണ്ണ നെറത്തിലുള്ളതല്ലേ കുട്ടാ ഞാന്‍ പറഞ്ഞേ....പിന്നെന്തേ ഇത്?”.
“അയ്യോ അമ്മമ്മേ അതെനിയ്ക്കാ അതിന് രണ്ടായിരം ഉറുപ്പ്യായി”.
“എടീ അസത്തെ ഇവിടെ വാടി..... കുട്ടേട്ടാ ഈ പെണ്ണിനെ ഞാന്‍....”
കൌസല്യ അനുവിന്റെ കൈപ്പിടിച്ചു വലിച്ചോണ്ട് പോയി.
“കുട്ട്യോളല്ലേ കൌസല്യേ.... അവരില്‍ കളങ്കല്യ”.
അമ്മയുടെ ആ വാക്കുകൾക്ക് കാരമുള്ള് തറച്ചതിനേക്കാൾ വേദന തോന്നി.
പലപ്പോഴും കണ്ണട വങ്ങാനായി പുറപ്പെട്ടപ്പോഴെല്ലാം കൌസല്യ മുടക്ക് പറയും.
“ന്താപ്പൊ നിങ്ങളെന്നെ വാങ്ങണംന്ന് ഇത്ര നിര്‍ബ്ബന്ധം, അരുണില്ലേ , അവന് വാങ്ങിക്കൊടുത്തൂടെ?,
അല്ലാത്ത കാര്യങ്ങള്‍ നിങ്ങളന്യല്ലേ നോക്കണെ, അടുത്ത മാസം അവന് വരുമ്പോള്‍ വാങ്ങിക്കൊടുത്തോളും.”
“അതല്ല കൌസൂ ...ഒരു പത്തെഴുപത്തഞ്ച് രൂപ അല്ലെങ്കില്‍ നൂറ്റന്പത് അതില്‍ കൂടില്യ..”
“വേണ്ടാന്ന് പറഞ്ഞില്ലേ...പിന്നെ ഒന്നും മിണ്ടണ്ട”.ഭര്‍ത്താവ് ഞാനാണൊ അവളാണൊ എന്ന് ഒരു മാത്ര ശങ്കിച്ചു പോയി.
അമ്മക്ക് രണ്ടാഗ്രഹങ്ങളേ ഉള്ളു ബാക്കി. കണ്ണടയും, ആതിരപ്പിള്ളി വെള്ളച്ചാട്ടവും.
ഒരിക്കൽ വീഗാലാന്റ് കാണാന്‍ പോകുമ്പോള്‍ അമ്മയുണ്ടായിരുന്നു . അമ്മക്ക് ഒട്ടും ഇഷ്ടമായില്ല. എന്താ അമ്മേ എന്ന് ചോദിച്ചപ്പോൾ,
“നിക്ക് ഇഷ്ടായില്യ കുട്ടാ....ന്തേന്ന് ചോദിച്ചാ..ന്താ പറയ്യാ..ഇഷ്ടായില്യ അത്രേന്നെ”.
അലാറം കേട്ട് ഉണർന്നെങ്കിലും ഈർഷ്യതയോടെ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും മയങ്ങാൻ കിടന്നപ്പോഴാണ് ഇന്നത്തെ ദിവസത്തിന്റെ തിരക്ക് മനസ്സിനെ ഓർമ്മപ്പെടുത്തിയത്. .
വെള്ളിയാഴ്ച് ദിവസം ആണല്ലൊ ഏത് ലക്കു കെട്ട മുസൽമാനും വെളിപാട് ഉണ്ടാകുന്നത്.അവരുടെ കുളിയും തേവാരവും കഴിയാൻ കാത്താൽ ഇന്നത്തെ കാര്യങ്ങളൊന്നും നടക്കില്ല.
നഷ്ടപ്പെട്ട ഉറക്കത്തെ ശപിച്ചുകൊണ്ട് സോപ്പും സാമഗ്രികളും എടുത്ത് കുളിക്കാനായ് ബാത്ത്റൂമിലേക്ക് നീങ്ങി.
വിലകൂടിയാലും വേണ്ടില്ല നല്ല ഒരു കണ്ണട തന്നെ വാങ്ങണം,പിന്നെ അരുണിന്റെ വീട്ടില്‍ പോകണം.
കണ്ണട വാങ്ങി ഇറങ്ങിയപ്പോഴാണ് അരുണിന്റെ ഫോണ്‍ വന്നത്.
“ഏട്ടാ എവിട്യാ..ഒന്ന് പെട്ടെന്ന് വരൂ”
“ന്താടാ അരുണ്‍...?”
“പറയാം...ഏട്ടന് പെട്ടെന്ന് ഒന്ന് വരൂ”
എന്തോ ഒരു ആപത്സൂചന മനസ്സിനെ നടുക്കി. പെട്ടെന്ന് തന്നെ അരുണിന്റെ ഫ്ലാറ്റില്‍ എത്തി.
“ഏട്ടാ...വിലാസിന്യേടത്തി വിളിച്ചിരുന്നു.അമ്മയ്ക്ക് തീരെ സുഖല്ല്യ, ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണത്രെ.ഒന്ന് ബോധം കെട്ടു,പിന്നെ തീരെ മിണ്ടീട്ടില്ല. പറ്റുമെങ്കില്‍ രണ്ടാളോടും വരാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റിന് പറഞ്ഞിട്ടുണ്ട്, വാണിയും പിള്ളേരും വരുന്നുണ്ട്,ഏട്ടന് പോയി പാസ്പോര്‍ട്ടും അത്യാവശ്യം ഉടുക്കാനുള്ളതും എടുത്തിട്ട് വരൂ... നമുക്ക് ഇന്നത്തെ രാത്രി ഫ്ലൈറ്റിന് പോകണം.”
നാട്ടില്‍ നിന്ന് വന്നിട്ട് അധികമായിട്ടില്ലെങ്കിലും യാത്രയ്ക്കുള്ളത് എല്ലാം പെട്ടെന്ന് തന്നെ ശെരിയായി,
മനസ്സില്‍ മുഴുവന്‍ കുറ്റബോധത്തിന്റെ മുറിപ്പാടുകള്‍ തന്നെ ആയിരുന്നു യാത്രയില്‍ ഉടനീളം.കൌസല്യയെ മനസ്സാലെ ഒട്ടേറെശപിച്ചു . വിമാനത്തിലെ മണിക്കൂറുകള്‍ ദിനങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയത് പോലെ തോന്നി.
നെടുമ്പാശ്ശേരിയില്‍ കാറുമായ് വന്ന അളിയന്റെ മുഖം വായിച്ചപ്പോഴെ അറിഞ്ഞു, അമ്മയുടെ വിയോഗം. വീട്ടിലെ തിരക്കിനിടയിലൂടെ അകത്തേക്ക് കയറിയപ്പോള്‍ വാവിട്ട് കരയുന്ന കൌസല്യയും വിലാസിനിയേടത്ത്യേം കണ്ടു. നിറകണ്ണുകളോടെ അമ്മയുടെ ശരീരത്തിനടുത്തെത്തി കയ്യിലെ കണ്ണട ആ മുഖത്തില്‍ ചാര്‍ത്തി. ആ നെറ്റിയില്‍ ചുംബിച്ച് എണീറ്റപ്പോള്‍ തേങ്ങിക്കരഞ്ഞ് അനു അമ്മയുടെ ഉടഞ്ഞ കണ്ണടയുമായി മുന്നില്‍. അച്ഛാ..അവളുടെ തേങ്ങല്‍ ഒരു രോദനമായി. കയ്യിലെ കണ്ണട എന്റെ നേര്‍ക്ക് നീണ്ടു.അതിലെ ചില്ലിൻ കഷണങ്ങൾ മൂർച്ചയുള്ള ഒരായിരം ചില്ലിൻ കൂട്ടങ്ങളായി എന്നെ ചുറ്റിവരിഞ്ഞു.
Subscribe to:
Posts (Atom)