Friday, January 21, 2011

വ്യായാമം.


കുംഭകർണ്ണസേവ സ്വയം തൊഴിലാക്കി, കൂർക്കം വലി ആസ്ഥാന കലയായി സ്വീകരിച്ച് സസുഖം വാഴുകയായിരുന്നു ഞാൻ. എന്റെ തേർവാഴ്ചയിൽ മനം നൊന്ത് എന്റെ നല്ലപാതി ഏത് സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയാലും അന്തം വിട്ട് വായും തുറന്ന് ഉറക്കം പതിവാക്കിയിരുന്നു. അതിൽ അരിശം പൂണ്ട് ഞാനവളെ ശകാരിക്കയും പതിവായിരുന്നു.

അങ്ങനെയിരിക്കെ എന്റെ വലത്തേ ചെവി ഒന്ന് പണിമുടക്കി.ഒരു വർഷം മുൻപെ സാമാന്യം തരക്കേടില്ലാത്ത-തട്ടിപ്പോകാൻ സാധ്യത ഉണ്ടായിരുന്ന- ശസ്ത്രക്രിയ അരങ്ങേറ്റം നടത്തിയിരുന്നു.രൂപ 63,000 വെറുതെ പോയി എന്ന അപായ ചിഹ്നമായി രക്തം വരാനും തുടങ്ങി.ബേജാറായ, കെട്ട്യോൾ ഡോക്ടറെ വിളിക്കുകയും നമ്പർ ബുക്ക് ചെയ്യുകയും ചെയ്തു. അങ്ങിനെ അതിന്റെ പിന്നാലെ ഒരു മാസം നടന്നു. കാര്യമായ വ്യത്യാസമൊന്നുമില്ല. ഡോക്ടർക്ക് വ്യക്തമായി ഒരു മറുപടിയും ഇല്ല. ചികിത്സാചിലവും മറ്റുമായി എന്റെ ട്രൗസർ പൊളിയാനും തുടങ്ങി. അപ്പോഴാണ്‌ ഒരു സുഹൃത്ത് പറഞ്ഞത് തൃശ്ശൂർ എലൈറ്റിൽ ഡോക്ടർ പ്രകാശിനെ കാണാം എന്ന്. ഇതിനകം ശമ്പള നിരക്കിൽ നിന്ന് ലീവെടുത്ത നിലയിൽ രൂപ 5,000 കമ്മിയും ആയിരിക്കുന്നു.

അങ്ങിനെ ഒരു തിങ്കളാഴ്ച ഡോക്ടറെ കണ്ടു.ചികിത്സയും തുടങ്ങി.ഭാഗ്യത്തിന്‌ അദ്ദേഹം മരുന്നൊന്നും എഴുതിയില്ല. ചില ചിട്ടകളും കഴിച്ചുകൊണ്ടിരുന്ന മരുന്നുകളും കഴിക്കാൻ പറഞ്ഞു.

ഇടക്കു കയറി എന്റെ ഭാര്യ ഡോക്ടറോട് ചോദിച്ചു.
“ഡൊക്ടർ...കൂർക്കം വലിക്ക് ചികിത്സയുണ്ടോ..?” അത് പറഞ്ഞ് അവളെന്റെ മുഖത്തേക്ക് നോക്കി.
“ഉണ്ടല്ലോ..ആർക്കാ...”
“ഇങ്ങേർക്ക് തന്നെയാ...”
“ഓ അത് പ്രശ്നമാക്കേണ്ട കുറച്ച് എക്സർസൈസ് ചെയ്താൽ മതി ശെരിയായിക്കോളും..”
“എന്റെ കാര്യം കഷ്ടം”. ഭാര്യ എന്റെ ചിരിച്ച മൊന്തായത്തിൽ കണ്ണുഴിഞ്ഞു കൊണ്ട് മൊഴിഞ്ഞു.
തിരിച്ചുള്ള യാത്രയിൽ അവൾ പതിവുപോലെ വായും തുറന്നുറങ്ങി.
ആഴ്ചയുടെ വെടിവെട്ടങ്ങൾക്ക് ശേഷം,
കൊച്ചിയിലേക്ക് തിരിക്കുമ്പോൾ ഭാര്യ ഓർമ്മിപ്പിച്ചു.‘വ്യായാമം’..!!?.
“ഈ മകരക്കുളിരിലോ, മഞ്ഞിലോ..സാധ്യമല്ല. ഡോക്ടർ പറഞ്ഞില്ലേ ജലദോഷം വരാൻ പാടില്ലെന്ന്..?”
“പറ്റില്ല നിങ്ങൾ നടന്നേ പറ്റൂ” അവൾ ചിണുങ്ങി.
“എന്നാൾ ഞാൻ ജിമ്മിന്‌ പോകാo”
“എന്തിന്‌ ജിമ്മിനോ..?” ഞാൻ എന്തോ മഹാപാതകം ചെയ്യാൻ പോണത് പോലെ ആയിരുന്നു അവളുടെ ചോദ്യം.

അവൾ അങ്ങിനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.കാരണം, ഈയിടെ ഞാൻ മീശയെല്ലാം എടുത്ത് ഒന്ന് ചുള്ളനാവാൻ ശ്രമിച്ചിരുന്നു.‘ഈ നാല്പത്താറാം വയസ്സിലാണ്‌ നിങ്ങടെ പിള്ളാര്‌കളി’എന്നവൾ പറഞ്ഞത് ഞാനോർക്കുന്നു.അത് കൂടാതെ ഇനി ജിമ്മും കൂടി ആയാൽ അവൾക്ക് സഹിക്കുമോ..?.പെണ്ണല്ലേ ജാതി.

അങ്ങിനെ കൊച്ചിയിലെത്തി, ജോലി കഴിഞ്ഞ് പോകുമ്പോൾ ബോഡി ക്രാഫ്റ്റിലൊന്ന് കയറി, പേർ രെജിസ്റ്റർ ചെയ്തു, പണവും കൊടുത്തൂ.രാവിലെ തൊട്ട് കസർത്ത് ആവാം എന്ന കരാറും ആയി. പിറ്റേന്ന് രാവിലെ ട്രാക്ക്സ്യൂട്ടും കേറ്റി ബോഡി ക്രാഫ്റ്റിന്റെ പടി കയറുമ്പോൾ ഇന്ന് ആകെ ഒന്ന്മലമറിക്കാം എന്നായിരുന്നു ചിന്ത. ആദ്യായിട്ടാണ്‌ ഇങ്ങനെ ഒരു കാര്യത്തിന്‌ ഇറങ്ങുന്നത്.അതിന്റെ അഹംഭാവം ആകാം അത്തരം ഒരു ചിന്തക്ക് കാരണമായത്. ആ പടി കയറിയപ്പൊഴേ അണപ്പ് തുടങ്ങി. ഇനിയുള്ളതെന്തായിരിക്കും..?. അങ്ങിനെ ട്രൈനർ പ്രദീപ്ഐറ്റങ്ങൾ ഓരോന്നും കാണിച്ചു തരാൻ തുടങ്ങി.അതനുകരിച്ച് ഞാനും തുടങ്ങി. ഒന്ന് രണ്ട് ഐറ്റംസൊക്കെ തരക്കേടില്ലാതെ ചെയ്തു.മൂന്നാമത്തേത് ചെയ്തു തുടങ്ങിയപ്പോഴെക്കും ഭൂമി ഉരുണ്ടുതാണെന്ന് മനസ്സിലായി തുടങ്ങി.ഒരു വിധം അതവസാനിപ്പിച്ച് നാലിലേക്ക് കടന്നു. അങ്ങനെ വലതുകാൽ ഉയർത്തി ഇടതു കയ്യിൽ അടിച്ചു. പല ആവർത്തിചെയ്തു. പിന്നെ എന്തേ ണ്ടായതെന്നറിയില്ല ‘ദേ കെടക്കണ്‌ ധിം തരികിടതോം’.മയക്കം വിട്ട് കണ്ണു തുറന്നപ്പോൾ മുഖത്ത് വെള്ളം തെറുപ്പിച്ച് ട്രൈനറും ചുറ്റും സഹവ്യായാമന്മാരും.

മുഖം തുടച്ച് ചുമരും ചാരിയിരിക്കെ ഞാൻ ആലോചിച്ചു. ‘അധര,അരവ്യായാമ’മല്ലാതെ മറ്റു വ്യായാമങ്ങളൊന്നും പതിറ്റാണ്ടുകളായി ഞാൻ ചെയ്തിട്ടില്ല. ഈ നിലക്ക് വല്ല പട്ടിയോ,വർഗ്ഗീയ വാദിയോ, പോലീസൊ ഓടിച്ചു വിട്ടാൽ എന്റെ അവസ്ഥ എന്തായിരിക്കും..?

27 comments:

യൂസുഫ്പ said...

വ്യായാമം...

പള്ളിക്കരയില്‍ said...

കൂ‍ർക്കഞ്ചേരിയിലാണ് എലൈറ്റാശുപത്രി. കൂർക്കഞ്ചേരി ആശുപതി കൂർക്കംവലിക്കാർക്കുള്ള ആശുപത്രിയാണെന്ന് ഭാര്യ തെറ്റിദ്ധരിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

കൊച്ചിയിലെ ജിമ്മിൽ വെച്ച് ഭൂമി ഉരുണ്ടതാണെന്നു ബോദ്ധ്യം വരികയും ഉരുണ്ടതായ ഭൂമിയുടെ മുകളിൽ ഉരുണ്ട്പിരണ്ട് കെട്ടിമറിഞ്ഞു വീഴുകയും ചെയ്തതുവരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.

പോലീസോ വർഗ്ഗീയ വാദിയോ പട്ടിയോ ഓടിച്ചുവിട്ടാൽ എന്തുചെയ്യും എന്നാണല്ലോ ഇപ്പോൽ ചുമരുചാരിയിരുന്ന് ആലോചിക്കുന്നത്.

ഒന്നേ ചെയ്യാനുള്ളു.

മേൽ‌പ്പറഞ്ഞവർ ഉപദ്രവവുമായി വരുമ്പോൽ ശക്തിയായി കൂർക്കം വലിക്കുകതന്നെ. അവർ ഓടിക്കോളും.

(ഓർത്തുചിരിക്കാനുള്ള വകനൽകി നർമ്മരസപ്രധാനമായ ഈ പോസ്റ്റ് കേട്ടോ)

~ex-pravasini* said...

കൊള്ളാം..
: )

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൂർക്കം വലിയും,കൂർക്കഞ്ചേരിയുമൊക്കെയായി ഞാനടക്കമുള്ള ശരീര വ്യായാമം ചെയ്യാത്ത മലയാളിയുടെ പച്ചയായ ഒരേട് നന്നായിവിടെ പകർത്തിവെച്ചിരിക്കുന്നൂ...

Muneer N.P said...

ഹ..ഹ..ഇപ്പോഴെങ്കിലും തോന്നിയത് നന്നായി..
പട്ടിയോ,വർഗ്ഗീയ വാദിയോ, പോലീസോ ഇതു വായിക്കാതിരിക്ക്ട്ടെ:)

രമേശ്‌അരൂര്‍ said...

"അധര" വ്യായാമവും "അര" വ്യായാമവും മാത്രമാണ് ഇപ്പോള്‍ മിക്കയാളുകളുടെയും പണി ,,അത് കൊണ്ടെന്താ കൊളസ്ട്രോളും ഷുഗറും കുടവയറും ഒക്കെയായി മലയാളി കൊഴുത്തു ഉരുളുകയാണ്...ഞാന്‍ ആയിരം രൂപ അടച്ചു ഇന്റര്‍ നാഷണല്‍ ജിമ്മിന്റെ ശാഖയില്‍ യൂസുഫ്പയെ പോലെ മല മറിക്കാമെന്നു കരുതി ഒരിക്കല്‍ പോയതാണ് ..രണ്ടു ദിവസം മരിച്ചപ്പോള്‍ തന്നെ മതിയായി ..പിന്നെ നിര്‍ത്തി ആ കാശും ഗോപി ..വീണ്ടും അര വ്യായാമാത്തിലും അധര വ്യായാമത്തിലുമായി ശ്രദ്ധ ...

ismail chemmad said...

ഹ ഹ പോസ്റ്റ്‌ കലക്കീട്ടുണ്ട്

സാബിബാവ said...

മീശ വടിച്ച്‌ ച്ചുള്ളനയപ്പോഴാണല്ലോ ഭാര്യക്ക് പേടി
അത് വെറുതെയല്ല കണ്ണാടി നോക്കാഞ്ഞിട്ടാ നോക്കിയാല്‍ മനസിലാകും
എന്നാലും കൂര്‍ക്കം വലി പൊസ്ടിലൂടെ ഞങ്ങള്‍ കേട്ട് ശോ

പ്രയാണ്‍ said...

അതുകലക്കി......... ഇനിയെന്തായാലും നിര്‍ത്തണ്ട...:)

ഹരീഷ് തൊടുപുഴ said...

ഹിഹിഹിഹിഹിഹി..

ഭായീ..
രാവിലെ എഴുന്നേറ്റ് നടക്കൂ..
അതാണുചിതമായ മാർഗ്ഗം..
കുറഞ്ഞത് ഒരു നാലു കി മീ എങ്കിലും കെട്ടോ..
ജിമ്മൊക്കെ ചുള്ളന്മാരു പിള്ളേർക്കു പറഞ്ഞിട്ടൊള്ളതാ..:)കെട്ടോ..

പിന്നെ എന്താ ചെവിയിൽ നിന്നും ബ്ലഡ് വരുന്ന സംഗതി..??
ഞാൻ പിന്നീട് വിളിക്കാം കെട്ടോ..

കൂതറHashimܓ said...

മ്മ്...മ്മ്.... മ്മളെ കണ്ടപ്പോ തുടങ്ങിയതാല്ലേ ഇക്കാക്ക് ചുളനാവാനുള്ള മോഹം ... നടക്കൂലട്ടാ.. അതിനൊക്കെ ഇത്തിരി യോഗം വേണംട്ടാ... (ചുമ്മാ :)

ജുവൈരിയ സലാം said...

തൽക്കാലം അധര വ്യായാമം മതി...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പോകുന്ന പോക്കിലെ ആ ഏറ് നന്നായി..

തെച്ചിക്കോടന്‍ said...

ഒന്ന് തുടങ്ങിക്കിട്ടാനാണ് പണി, പിന്നെ പതുക്കെ ശരിയാകും. മറ്റു വ്യായാമങ്ങള്‍ക്ക് ആ പ്രശ്നവുമില്ലല്ലോ :)

Manoraj said...

ഇതാ പറയുന്നേ എന്റെ കൂടെ കൂടിയപ്പോള്‍ തുടങ്ങിയതാ ഇക്കക്ക് ചുള്ളനാവാനൊരു പൂതി.. ഹോ വ്യായാമത്തിന്റെ കാര്യം പറഞ്ഞാല്‍ ഇവിടെ അടി നടക്കും. എന്റെ ഭാര്യ ഈ പോസ്റ്റ് കാണണ്ട.. ഹി..ഹി..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അറിയാത്ത പണിക്ക് പോകണമായിരുന്നോ ഇക്കാ...?

അപ്പോഴും പറഞ്ഞില്ലെ പോകണ്ടാ പോകണ്ടാന്ന്...
ഇത് ഞാന്‍ പാടിയതല്ല.ഇക്കാടെ നല്ലപാതി പാടിയതാ...

jayanEvoor said...

ഉഴപ്പന്മാരുടെ ലോകം!
ഒന്നു മനസ്സുവച്ചാൽ ചെയ്യാവുന്നതേ ഉള്ളു.
പറ്റിയാൽ സൂര്യനംസ്കാരം പഠിക്കൂ.
സ്വന്തം മുറിയിൽ ചെയ്യാം.
എന്റെ യോഗ ബ്ലോഗിൽ ഉണ്ട്.

നിശാസുരഭി said...

പട്ടിയെ കല്ലെടുത്തെറിയാം
വര്‍ഗ്ഗിയവാദിയോട് ഒരു രക്ഷേം കിട്ടില്ലാന്ന് തോന്നണു ;))

യൂസുഫ്പ said...

കമന്റിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

യൂസുഫ്പ said...

നിരക്ഷരൻ 2011-01-24 14:40
ശരീരത്തിൽ രണ്ട് ഭാഗങ്ങൾകൊണ്ട് വ്യായാമം നടക്കുന്നുണ്ടല്ലോ ? അതെങ്കിലും മുറതെറ്റാതെ ചെയ്ത് പോകുക... :) :) ഞാൻ നിൽക്കുന്നില്ല.. :)

Anonymous said...

എന്തായിരിക്കും..? 2011-01-24 14:32
എന്തായിരിക്കും..?

വാഴക്കോടന്‍ ‍// vazhakodan said...

അത്താഴം തന്നെ കൊത്തും പിട്യാ, പിന്നല്ലേ വെള്ളച്ചോറ്! എന്ന് പറഞ്ഞ പോലാ നുമ്മടെ അവസ്ഥ!വ്യായാമത്തിന്റെ കാര്യേ :)
എത്തായാലും ഇത് കലക്കി കോയാ:)

...sijEEsh... said...

അത് കലക്കി ഇക്ക.
ഒരു സംശയം മാത്രം ബാകി. ജിമ്മില്‍ ഇപ്പോഴും പോകുന്നുണ്ടോ?

പാലക്കുഴി said...

മീശ വടിച്ചത് ഞാന്‍ കണ്ടു. ഈ കടുകൈചെയ്യുമെന്ന് കരുതിയില്ല
നന്നായിരസിച്ചു...ആ ചുമര്‍ ചാരിയ നിര്‍ത്തം വല്ലാത്ത ഒരു നിര്‍ത്തം. ഭൂമി ഉരുണ്ടതാണെന്ന് കൊച്ചിയില്‍ വെച്ച് ബോധ്യപ്പെട്ടല്ലോ...

Salam said...

ഇത് മലയാളിയുടെ ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേട്. ഇതിന്റെ വക്കില്‍ ദുര്‍മേദസ്സ് പൊടിഞ്ഞു നില്‍ക്കുന്നു. നന്നായി എഴുതി യൂസുഫ് ഭായ്. ഇനിയും ഇനിയും എഴുതുക ഇങ്ങിനെ സരസമായി.

നീര്‍വിളാകന്‍ said...

ഹ...ഹ.... മലയാളി.... സ്വന്തം ശരീരം ദുര്‍മ്മേദസിനു വിട്ടുകൊടുത്തിട്ട് ഏതാണ്ട് മൂന്നു വ്യാഴവട്ടനായി... നന്നയി എഴുതി....

ആളവന്‍താന്‍ said...

ഹ ഹ ആ അവസാന വരി കലക്കിക്കളഞ്ഞു...