Thursday, July 7, 2011

അമ്മ മലയാളം



ഊർന്നിറങ്ങിയ വള്ളിക്കലസവും
കുടുക്കു പൊട്ടിയ കുപ്പായവും
വക്കുപൊട്ടിയ സ്ലേറ്റും പേറി ഒരു ചെക്കൻ.

‘അമ്മ’ എന്നെഴുതാൻ പറഞ്ഞത് അന്നാസ് ടീച്ചർ
അറിയില്ലെന്ന് പറഞ്ഞ് ‘അ’യിലൊതുക്കി.
മ + മ = മരമണ്ടൻ
അമ്മ മലയാളം അറിയാത്ത ഗുരുത്വം കെട്ട ചെക്കൻ.

ഭീതിയുടെ മുനമ്പിൽ അന്തിച്ചിരുന്നു ബാല്യം.
വാക്കു മുറിഞ്ഞു , സ്വരം തണുത്തു.


കൗമാരത്തിന്റെ ഒതുക്കുകല്ലിൽ
കോറിയിട്ടു പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ
ആദ്യമെഴുതിയ കവിത പ്രേമകവിത
കവിതയുടെ കഴുത്തിന്‌ പിടിച്ച്
അമ്മ മൊഴിഞ്ഞു- തലതിരിഞ്ഞവൻ.


ഇറങ്ങിയോടിയ അക്ഷരങ്ങളെ തേടിയിറങ്ങിയത്
വിപ്ലവത്തിന്റെ യൗവ്വനത്തിലേക്ക്
ചോരകൊണ്ടെഴുതിയതെല്ലാം
ചുവർ ചിത്രങ്ങളായി.
നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ.
അച്ഛൻ പറഞ്ഞു- നിഷേധി


നിഷേധത്തിനൊടുവിൽ
വലിച്ചെറിയപ്പെട്ടതോ
സ്വയം തിരഞ്ഞെടുത്തതോ
അറിയില്ല,
അതായിരുന്നു പ്രവാസം.
ആവർത്തനങ്ങളുടെ
ജീവിതക്രമങ്ങളാൽ
ക്രമം തെറ്റിയ മനസ്സ്
ദിക്കറിയാതെ
അവനവൻശെരികളിൽ
തോറ്റമ്പാട്ടെഴുതിയ
ദാമ്പത്യം.


ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
അക്ഷരങ്ങൾ കോർത്തെടുക്കുമ്പോൾ
സ്വരങ്ങളും
വ്യഞ്ഞ്ജനങ്ങളും
ചില്ലക്ഷരങ്ങളും
ദീർഘങ്ങളും
ഇനിയും ബാക്കി വെക്കുന്ന
ജീവിതാക്ഷരങ്ങൾ തന്നെ.
ഈ അവസാനയാമങ്ങളിലാവട്ടെ
എന്റെ യഥാർത്ഥ ഹരിശ്രി.
ഹരിശ്രീ...അമ്മ മലയാളം.


21 comments:

yousufpa said...

അമ്മ മലയാളം....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളില്‍ മലയാളത്തിന്റെ രുചി,വായനയില്‍ ഒരമ്മയുടെ വാല്‍സല്യം..ഇഷ്ടപ്പെട്ടു

K@nn(())raan*خلي ولي said...

@@
>> ഒലിച്ചിറങ്ങിയ വള്ളിക്കലസവും
കുടുക്കു പൊട്ടിയ കുപ്പായവും <<

യൂസു,
ശുക്ലം കൊണ്ടാണോ വള്ളിക്കലസം ഉണ്ടാക്കിയിരിക്കുന്നെ? അല്ലല്ലോ! എങ്കില്‍ 'ഊര്ന്നുപോകുന്ന'.. എന്നോ മറ്റോ തിരുത്തൂ.

ഘടനയും അക്ഷരത്തെറ്റും ശരിയാക്കൂ. പ്രായംകൂടിവരികയല്ലേ. ഇനി തെറ്റുകള്‍ അനുവദിക്കില്ല.

**

|santhosh|സന്തോഷ്| said...

നിഷേധത്തിന്റെ ജീവിതാനുഭവ പാഠങ്ങള്‍!!!
കൊള്ളാം


(കണ്ണൂരാന്‍ പറഞ്ഞപോലെ ട്രൌസര്‍ ഊര്‍ന്നു പോകുകയല്ലേ ചെയ്യുക?!)

Junaiths said...

നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ...
തിരിച്ചറിവ് കൂടുമ്പോഴാണോ..ഇല്ലാതപ്പോഴാണോ ഈ പ്രശ്നം..അതോ അച്ഛന്‍ എന്ന വികാരം അറിയാത്തപ്പോഴാണോ ...
നന്നായിരിക്കുന്നു...ഇക്കാ..ഈ തിരിച്ചറിവിന്റെ കവിത

ചന്തു നായർ said...

ചിന്ത നന്നായി... പക്ഷേ കണ്ണൂരാനും സന്തോഷും പറഞ്ഞത് ശ്രദ്ധിക്കുമല്ലോ? അ..ആ‍ തുടങ്ങിയ അക്ഷരമാല ക്രമത്തിൽ തന്നെ വരികൾ തുടങ്ങിയെങ്കിൽ കുറേക്കൂടെ നന്നാവുമായിരുന്നൂ..“നശിപ്പിച്ചതും നശിച്ചതുമെല്ലാംഅച്ഛന്റെ ഉപ്പുകണങ്ങൾ.” ഇതു നല്ല ചിന്ത യൌവ്വനത്തിൽ ... ചുവർ ചിത്രങ്ങളായി.നശിപ്പിച്ചതും നശിച്ചതുമെല്ലാം.. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ,വിയ ർപ്പൊഴുക്കിഉണ്ടാക്കിയ പണമെല്ലാം നശിപ്പിച്ചൂ എന്ന ഭാവന.... ഈ ഗദ്യകവിത ഒന്നുകൂടെ മോടിയാക്കിയെങ്കിൽ എന്നാശിക്കുന്നൂ... എല്ലാ ഭാവുകങ്ങളും...

Unknown said...

കവിത നന്നായി.
അക്ഷരങ്ങളും കവിതയും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

രമേശ്‌ അരൂര്‍ said...

എനിക്കിഷ്ടപ്പെട്ടു
സ്കൂളില്‍ പഠിക്കുമ്പോള്‍ അ മുതല്‍ അം വരെയുള്ള അക്ഷരങ്ങള്‍ ഓരോ വരിയുടേയും ഒന്നാം അക്ഷരമായി ചേര്‍ത്തു കവിതയെഴുതി ഭാഷാ പണ്ഡിതനായ ശൂരനാട്ട് കുഞ്ഞന്‍ പിള്ള സാര്‍ അധ്യക്ഷനായ കല്ലിയൂര്‍ സാഹിത്യ വേദി സംഘടിപ്പിച്ച മത്സരരത്തില്‍ ഒന്നാം സമ്മാനം നേടിയ സംഭവം ഓര്‍മിപ്പിച്ചു ഈ കവിത ..:) എന്റെ ഗ്രാമം എനായിരുന്നു ആ കവിതയുടെ പേര്
"അരിയ പൂപ്പുഞ്ചിരി തൂകുന്ന പൂക്കളും
ആടിക്കുഴഞ്ഞുല ഞ്ഞോടുന്ന പൂങ്കാറ്റും ..
ഇമ്പമാം ഗാനങ്ങള്‍ ചുണ്ടത്തു മൂളി
ഈണത്തില്‍ മെല്ലെ യോഴുകുന്നോരാറും "
അങ്ങനെ പോകുന്നു ആ കവിത

A said...

ഈ ഹരിശ്രീ ഒത്തിരി ഇഷ്ടമായി. മ + മ = മരമണ്ടൻ .
mmm.. അത് നന്നായി.

Echmukutty said...

മലയാളം ഇഷ്ടമായി..
എന്നാലും ഇത്തിരീം കൂടി മിനുക്കാമായിരുന്നു എന്ന് വിചാരം.

കൊമ്പന്‍ said...

നിഷേദിയുടെ വാക്കുകള്‍ അല്ലെങ്കില്‍ ജീവിതത്തിനു മുന്നില്‍ ചോദ്യ ചിഹ്നം വിലങ്ങു തടിയായി നില്‍ക്കുന്നവന്റെ ആത്മഗദം കൊള്ളാം

Mohamedkutty മുഹമ്മദുകുട്ടി said...

കണ്ണൂരാന്റെ തിരുത്തു നന്നായി. വള്ളിക്കളസം [കലസമല്ലല്ലൊ]എന്നല്ലെ പറയുക.പിന്നെ കവിതയെനിക്കറിയില്ല.എല്ലാവരും പറയും പോലെ :അങ്ങിനെ തന്നെ!

ajith said...

വായിച്ചു.

പ്രയാണ്‍ said...

ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
ശരിയാണ്. ശരിക്കും പകച്ചുപോകുന്നതവിടെയാണ്...... കവിത ഇഷ്ടമായി.

കാട്ടിപ്പരുത്തി said...

കുറേ കാലമായല്ലോ മാഷെ

Vp Ahmed said...

ബാക്കി അക്ഷരങ്ങള്‍ കൂടെ പ്രതീക്ഷിക്കാമോ ? കാത്തിരിക്കാം.

Unknown said...

നല്ല ഒരു ഫീല്‍ തരുനുണ്ട് ഈ കവിത ............

ഒരു സുകര്യം ..വയസ്സ് കുറെ ആയി അല്ലെ (എത്ര ആയി എന്ന് മാത്രം ചോദിക്കുന്നില്ല )

ഒടിയന്‍/Odiyan said...

വായിച്ചു ...രെസിച്ചു..നന്നായി എന്നു പറയുമ്പോള്‍ അതു ഇനിയും ശ്രെധയോടെ കൂടുതല്‍ മെച്ചപ്പെടുത്താനും നല്ല കവിതകള്‍ എഴുതാനും പ്രേരണ യാകുമെങ്കില്‍..ഞാന്‍ കൃതാര്‍ഥനായി.

പള്ളിക്കരയിൽ said...

പ്രായത്തിനൊപ്പം ജീവിതത്തിന്റെ ആരോഹണത്തിൽ ക്രമത്തിൽ പതിച്ചുകിട്ടിയ മരമണ്ടൻ, തലതിരിഞ്ഞവൻ, നിഷേധി “ബഹുമതി”കൾക്കൊടുവിൽ, ഈ നാൽ‌പ്പതാം വയസ്സിൽ കിട്ടേണ്ടതായ ബഹുമതി അമ്മ മലയാളത്തിൽ “വ”യിൽ തുടങ്ങുന്നു. അതായത് “വിവേകി“. അത് മുതൽ കഥ മാറേണ്ടതാണ്.

ആശംസകൾ.

ചന്ദ്രകാന്തം said...

ഏതുരൂപത്തിലായാലും കുറേയേറെ അക്ഷരങ്ങള്‍ കണ്ടും അറിഞ്ഞും ജീവിയ്ക്കാന്‍ സാധിച്ചില്ലേ. അതുതന്നെ വലിയൊരു കാര്യമല്ലേ..

ഇ.എ.സജിം തട്ടത്തുമല said...

എനിക്കിതിഷ്ടമായി യൂസഫ് പാ!

എന്നാൽ ആ സെന്റർ അലൈന്മെന്റ് മാറ്റി സാധാരണ പോലെ അങ്ങിടുന്നതല്ലേ നല്ലത്?