
ഇന്നലെയും ഞാനാ സ്വപ്നം കണ്ടു. സ്വര്‍ണ്ണ നിറമുള്ള കണ്ണട.എന്നത്തേയും പോലെയല്ല ഞാനത് കണ്ടത്. അതിന്‍റെ ചില്ലുകള്‍ നാനാവിധം ഉടഞ്ഞു പോയിരിക്കുന്നു.
ആ ചില്ലുകഷണങ്ങള്‍ എന്‍റെ നേര്‍ക്ക് തിരിഞ്ഞ് കൊഞ്ഞനം കൊത്തി. ഉറക്കമുണര്‍ന്നിട്ടും അത് എന്നെ വല്ലാതെ അലട്ടുന്നു. വല്ലാത്തൊരസ്വസ്ഥത, മനസ്സ് മണലാരണ്യം വിട്ട് ഗ്രാമത്തിലെ സ്വന്തം തറവാട്ടിലേക്ക് ചേക്കേറി.
ഓരോ തവണയും അവധിയ്ക്ക് ചെല്ലുമ്പോള്‍ അമ്മ പറയും-
“മോനെ ന്‍റെ കണ്ണട ഒന്ന് മാറ്റി തരൊ യ്യ്?”.
“അമ്മക്കെന്തിനാ ഇപ്പൊരു കണ്ണട. അതിനൊരു കേടൂല്യല്ലോ?”
“ഈ നെറം കെട്ട കണ്ണട ഇടാന്‍ തൊടങ്ങീട്ട് ശ്ശ്യായില്ലേ. നീ വരുമ്പോള്‍ നെന്നോട് പറയും, അരുണ്‍ വരുമ്പോള്‍ അവനോടും പറയും. ആര്‍ക്കും ന്‍റെ കാര്യത്തിലൊരു ശ്രദ്ധീല്യ. ഓരോര്‍ത്തര്‍ക്കും കുടുംബായി കുട്ട്യോളായി അവര്‍ടെ കാര്യായി”
അമ്മ ഓരോന്നായി എണ്ണിപ്പെറുക്കി വ്യസനിക്കാന്‍ തുടങ്ങി.അമ്മയുടെ ആഗ്രഹമാണ് സ്വര്‍ണ്ണ നിറത്തിലുള്ളൊരു കണ്ണട. കഴിഞ്ഞ തവണ അനുവിന്‍റെ കണ്ണട മാറ്റാന്‍ പോയപ്പോഴും അമ്മ സൂചിപ്പിച്ചതായിരുന്നു.
ഞാനത് കേട്ടതായി ഭാവിച്ചില്ല. . അനുവിന് വിലകൂടിയ ഫ്രെയിം ലെസ്സാണ് വാങ്ങിയത് ഇപ്രാവശ്യം. അവളത് നേരെ ചെന്ന് അമ്മയുടെ അടുത്ത് പറയുകയും ചെയ്തു.
“അമ്മമ്മേ... കണ്ണട വാങ്ങി. എങ്ങനീണ്ട്ന്ന് നോക്ക്യ”.
അമ്മ സന്തോഷത്തോടെ കവര്‍ പൊളിച്ചു നൊക്കി.
“സ്വര്‍ണ്ണ നെറത്തിലുള്ളതല്ലേ കുട്ടാ ഞാന്‍ പറഞ്ഞേ....പിന്നെന്തേ ഇത്?”.
“അയ്യോ അമ്മമ്മേ അതെനിയ്ക്കാ അതിന് രണ്ടായിരം ഉറുപ്പ്യായി”.
“എടീ അസത്തെ ഇവിടെ വാടി..... കുട്ടേട്ടാ ഈ പെണ്ണിനെ ഞാന്‍....”
കൌസല്യ അനുവിന്‍റെ കൈപ്പിടിച്ചു വലിച്ചോണ്ട് പോയി.
“കുട്ട്യോളല്ലേ കൌസല്യേ.... അവരില് കളങ്കല്യ”.
അമ്മയുടെ ആ വാക്കുകൾക്ക് കാരമുള്ള് തറച്ചതിനേക്കാൾ വേദന തോന്നി.
പലപ്പോഴും കണ്ണട വങ്ങാനായി പുറപ്പെട്ടപ്പോഴെല്ലാം കൌസല്യ മുടക്ക് പറയും.
“ന്താപ്പൊ നിങ്ങളെന്നെ വാങ്ങണംന്ന് ഇത്ര നിര്‍ബ്ബന്ധം, അരുണില്ലേ , അവന് വാങ്ങിക്കൊടുത്തൂടെ?,
അല്ലാത്ത കാര്യങ്ങള് നിങ്ങളന്യല്ലേ നോക്കണെ, അടുത്ത മാസം അവന്‍ വരുമ്പോള്‍ വാങ്ങിക്കൊടുത്തോളും.”
“അതല്ല കൌസൂ ...ഒരു പത്തെഴുപത്തഞ്ച് രൂപ അല്ലെങ്കില്‍ നൂറ്റന്‍പത് അതില്‍ കൂടില്യ..”
“വേണ്ടാന്ന് പറഞ്ഞില്ലേ...പിന്നെ ഒന്നും മിണ്ടണ്ട”.ഭര്‍ത്താവ് ഞാനാണൊ അവളാണൊ എന്ന് ഒരു മാത്ര ശങ്കിച്ചു പോയി.
അമ്മക്ക് രണ്ടാഗ്രഹങ്ങളേ ഉള്ളു ബാക്കി. കണ്ണടയും, ആതിരപ്പിള്ളി വെള്ളച്ചാട്ടവും.
ഒരിക്കൽ വീഗാലാന്‍റ് കാണാന്‍ പോകുമ്പോള്‍ അമ്മയുണ്ടായിരുന്നു . അമ്മക്ക് ഒട്ടും ഇഷ്ടമായില്ല. എന്താ അമ്മേ എന്ന് ചോദിച്ചപ്പോൾ,
“നിക്ക് ഇഷ്ടായില്യ കുട്ടാ....ന്തേന്ന് ചോദിച്ചാ..ന്താ പറയ്യാ..ഇഷ്ടായില്യ അത്രേന്നെ”.
അലാറം കേട്ട് ഉണർന്നെങ്കിലും ഈർഷ്യതയോടെ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും മയങ്ങാൻ കിടന്നപ്പോഴാണ് ഇന്നത്തെ ദിവസത്തിന്റെ തിരക്ക് മനസ്സിനെ ഓർമ്മപ്പെടുത്തിയത്. .
വെള്ളിയാഴ്ച് ദിവസം ആണല്ലൊ ഏത് ലക്കു കെട്ട മുസൽമാനും വെളിപാട് ഉണ്ടാകുന്നത്.അവരുടെ കുളിയും തേവാരവും കഴിയാൻ കാത്താൽ ഇന്നത്തെ കാര്യങ്ങളൊന്നും നടക്കില്ല.
നഷ്ടപ്പെട്ട ഉറക്കത്തെ ശപിച്ചുകൊണ്ട് സോപ്പും സാമഗ്രികളും എടുത്ത് കുളിക്കാനായ് ബാത്ത്‌റൂമിലേക്ക് നീങ്ങി.
വിലകൂടിയാലും വേണ്ടില്ല നല്ല ഒരു കണ്ണട തന്നെ വാങ്ങണം,പിന്നെ അരുണിന്‍റെ വീട്ടില്‍ പോകണം.
കണ്ണട വാങ്ങി ഇറങ്ങിയപ്പോഴാണ് അരുണിന്‍റെ ഫോണ്‍ വന്നത്.
“ഏട്ടാ എവിട്യാ..ഒന്ന് പെട്ടെന്ന് വരൂ”
“ന്താടാ അരുണ്‍...?”
“പറയാം...ഏട്ടന്‍ പെട്ടെന്ന് ഒന്ന് വരൂ”
എന്തോ ഒരു ആപത്സൂചന മനസ്സിനെ നടുക്കി. പെട്ടെന്ന് തന്നെ അരുണിന്‍റെ ഫ്ലാറ്റില്‍ എത്തി.
“ഏട്ടാ...വിലാസിന്യേടത്തി വിളിച്ചിരുന്നു.അമ്മയ്ക്ക് തീരെ സുഖല്ല്യ, ഹോസ്പിറ്റലില്‍ ഐ സി യു വില്‍ ആണത്രെ.ഒന്ന് ബോധം കെട്ടു,പിന്നെ തീരെ മിണ്ടീട്ടില്ല. പറ്റുമെങ്കില്‍ രണ്ടാളോടും വരാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റിന് പറഞ്ഞിട്ടുണ്ട്, വാണിയും പിള്ളേരും വരുന്നുണ്ട്,ഏട്ടന്‍ പോയി പാസ്പോര്‍ട്ടും അത്യാവശ്യം ഉടുക്കാനുള്ളതും എടുത്തിട്ട് വരൂ... നമുക്ക് ഇന്നത്തെ രാത്രി ഫ്ലൈറ്റിന് പോകണം.”
നാട്ടില്‍ നിന്ന് വന്നിട്ട് അധികമായിട്ടില്ലെങ്കിലും യാത്രയ്ക്കുള്ളത് എല്ലാം പെട്ടെന്ന് തന്നെ ശെരിയായി,
മനസ്സില്‍ മുഴുവന്‍ കുറ്റബോധത്തിന്‍റെ മുറിപ്പാടുകള്‍ തന്നെ ആയിരുന്നു യാത്രയില്‍ ഉടനീളം.കൌസല്യയെ മനസ്സാലെ ഒട്ടേറെശപിച്ചു . വിമാനത്തിലെ മണിക്കൂറുകള്‍ ദിനങ്ങളേക്കാള്‍ ദൈര്‍ഘ്യമേറിയത് പോലെ തോന്നി.
നെടുമ്പാശ്ശേരിയില്‍ കാറുമായ് വന്ന അളിയന്‍റെ മുഖം വായിച്ചപ്പോഴെ അറിഞ്ഞു, അമ്മയുടെ വിയോഗം. വീട്ടിലെ തിരക്കിനിടയിലൂടെ അകത്തേക്ക് കയറിയപ്പോള്‍ വാവിട്ട് കരയുന്ന കൌസല്യയും വിലാസിനിയേടത്ത്യേം കണ്ടു. നിറകണ്ണുകളോടെ അമ്മയുടെ ശരീരത്തിനടുത്തെത്തി കയ്യിലെ കണ്ണട ആ മുഖത്തില്‍ ചാര്‍ത്തി. ആ നെറ്റിയില്‍ ചുംബിച്ച് എണീറ്റപ്പോള്‍ തേങ്ങിക്കരഞ്ഞ് അനു അമ്മയുടെ ഉടഞ്ഞ കണ്ണടയുമായി മുന്നില്‍. അച്ഛാ..അവളുടെ തേങ്ങല്‍ ഒരു രോദനമായി. കയ്യിലെ കണ്ണട എന്‍റെ നേര്‍ക്ക് നീണ്ടു.അതിലെ ചില്ലിൻ കഷണങ്ങൾ മൂർച്ചയുള്ള ഒരായിരം ചില്ലിൻ കൂട്ടങ്ങളായി എന്നെ ചുറ്റിവരിഞ്ഞു.
29 comments:
ഇന്നലെയും ഞാനാ സ്വപ്നം കണ്ടു. സ്വര്‍ണ്ണ നിറമുള്ള കണ്ണട.എന്നത്തേയും പോലെയല്ല ഞാനത് കണ്ടത്. അതിന്‍റെ ചില്ലുകള്‍ നാനാവിധം ഉടഞ്ഞു പോയിരിക്കുന്നു.
...ഇതാ ഒരു കഥ.
ചില്ലുകഷണങ്ങൾ കൊണ്ട് നെഞ്ചകം വരഞ്ഞുകീറുന്ന വേദനയുണർത്തുന്ന ഒരു കഥാതന്തു. ഒതുക്കത്തോടെ കഥ പറഞ്ഞു ഫലിപ്പിക്കാൻ യൂസഫ്പയ്ക്ക് കഴിഞ്ഞു. മാതാപിതാക്കളുടെ കാര്യം അർഹമാം വിധം പരിഗണിക്കുന്നതിൽ അക്ഷന്തവ്യമായ അപരാധം കാണിച്ചവരായിരിക്കും നമ്മിൽ പലരും. ഇതിൽ കൂടുതൽ ആകാമായിരുന്നു എന്നു ഖേദത്തോടെ പലരും ചിന്തിക്കുക മാതാപിതാക്കളുടേ വിയോഗത്തിനു ശേഷം മാത്രമായിരിക്കും. വൈകിയുദിക്കുന്ന വിവേകം. കർത്തവ്യബോധത്തിന്റെ മഹിതമായ സന്ദേശം സംവഹിക്കുന്ന പ്രമേയം കഥയ്ക്കായി തിരഞ്ഞെടുത്ത ഔചിത്യദീക്ഷയ്ക്കും ഒരുക്കത്തോടെയുള്ള പ്രദിപാതനത്തിനും യൂസഫ്പയ്ക്ക് അനുമോദനങ്ങൾ. ഇക്കഥയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.
മനോഹരമായ കഥ,മൂര്‍ച്ചയുള്ളതു,കൊണ്ട് കേറുന്നത്..
പെണ്ണിന്റെ വാക്കിലും,ന്യായത്തിലും സ്വന്തം പെറ്റമ്മയുടെ ചിലകൊച്ചാഗ്രഹങ്ങളും നടത്തിക്കൊടുക്കുവാൻ സാധിക്കാതെ കേഴുന്ന പേൺകോന്തന്മാരെ മാത്രമല്ല ഈ പൊട്ടിയ കണ്ണട ചില്ലുകൊണ്ട് ഭായി മുറിവേൽപ്പിച്ചത്....കേട്ടൊ ഇതുവായിക്കുന്നവരോരൊരുത്തരും വളരെ സ്പഷ്ട്ടമായി,ഒതുക്കത്തോടെ പറഞ്ഞിട്ടൂള്ള ഈ കഥ കണ്ടൊന്ന് ഞെട്ടിത്തെറിക്കും ! അഭിനന്ദനങ്ങൾ...!!
മാതാപിതാക്കളുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കാൻ കഴിവുണ്ടായിട്ടും അത് അവഗണിക്കുന്ന മക്കൾ പിന്നീട് ദു:ഖിച്ചിട്ട് ഫലമില്ല.
മനസിൽ നീറ്റലുണ്ടാക്കി ഈ സ്വപ്നം..
ഒരു നല്ല സന്ദേശം നല്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങൾ
അണുകുടുംബങ്ങളും വൃദ്ധസദനങ്ങളും നമ്മുടെ നാട്ടില്‍ കൂടി കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ ഈ കഥക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. നല്ല പ്രമേയം ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.ഇതു പോലുള്ള കഥകള്‍ ഇനിയും എഴുതുമല്ലൊ ? നന്ദി.
അമ്മയുടെ . അച്ഛന്റെയെല്ലാം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെ വരാരുണ്ട്. ഒടുവില്‍ മരണശേഷം അത് ഓര്‍ത്ത് വാവിട്ട് കരയുകയും ചെയ്യും. ഒരു ഓര്‍മ്മപ്പെടുത്തലായി ഇക്കാ ഈ കഥ. ചെറിയ ചില എഡിറ്റിങ് ആവശ്യമെന്ന് തോന്നി. ഇനിയും എഴുതുക..
ദൈനംദീന ജീവിത പ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍ ബോധ പൂര്‍വ്വം അല്ലെങ്കിലും നമുക്ക് ജന്മം തന്നവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ വിസ്മരിക്കപ്പെടാറുണ്ട്.ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന്, എന്നെയും ഒപ്പം ഈ സമൂഹത്തെയും ഉണര്‍ത്തുന്നു. ഈ കഥ
മുറിവേൽപ്പിക്കുന്നു....എവിടെയോ....
എല്ലാം അളന്നും പകുത്തും ലാഭനഷ്ടങ്ങളൂടെ കണക്കെടുത്തും മാത്രം ശീലിച്ചു തുടങ്ങിയിരിക്കുന്നു നമ്മൾ..അല്ലേ?
ഹൗ!!! വല്ലാത്ത മൂര്‍ച്ചയുണ്ട് ഈ ചില്ലുകഷ്ണങ്ങള്‍ക്ക്.........എല്ലാര്‍ക്കുമുണ്ടാവും ഇങ്ങിനെയോരോ തറ്ച്ചുകയറിയ കുറെ ചില്ലുകഷ്ണങ്ങള്‍ കൂടെക്കൊണ്ടുനടക്കാന്‍........വളരെ നന്നായി എഴുതി .
ഒരുകാര്യം മറന്നു. ഫോണ്ട് ചെറുതാക്കിയാല്‍ വായിക്കാന്‍ സുഖം കൂടും.
Thani Thankam ...!
Manoharam, Ashamsakal...!!!
വെറുമൊരു കഥയല്ലല്ലോ യൂസുഫ് ഭായ്..
ഇത് ഒരോര്‍മ്മപ്പെടുത്തലാണ്. തീര്‍ത്തും അനാവശ്യങ്ങളായ ആചാരങ്ങളില്‍ കെട്ടിപ്പിണഞ്ഞ് ജീവിതം തിരക്കു പിടിച്ചതാവുമ്പോള്‍ അവഗണിക്കപ്പെടുന്ന ബാധ്യതകളിലേക്ക് ഇതൊരു ചൂണ്ടുവിരലാവുന്നു. ഇവിടെ കല അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു.
അഭിനന്ദനങ്ങള്‍ . കൂടെ ഓര്‍മ്മപ്പെടുത്തലിനൊരുപാടു നന്ദി.
അതിലെ ഒരു ചില്ല് കഷ്ണം എന്റെ തൊണ്ടയില്‍ കുടുങ്ങിയ പോലെ... വല്ലാതെ വേദനിച്ചു!
നല്ല സന്ദേശം നല്കുന്ന കഥയ്ക്ക് അഭിനന്ദനങ്ങൾ
തിരക്കില്‍ കടമകള്‍ മറന്നു പോകുന്ന മക്കളുടെ ചങ്കില്‍ തരക്കുന്നു ഈ ചില്ലുകള്‍.
നല്ല കഥ, അഭിനന്ദനങ്ങള്‍.
കടമകള്‍ മറക്കരുതൊരിക്കലും..
മാതാപിതാക്കളുടെ കാര്യത്തില്‍ തീരേയും അരുത്.
പലപ്പോഴും വൃദ്ധമാതാപിതാക്കള്‍ക്ക് വളരേ
ചെറിയ ആവശ്യങ്ങളേ ഉണ്ടാവൂ.യഥാവിധി അത്
നിര്‍വഹിക്കാനാവാത്ത മക്കളെ,രക്ഷിതാക്കളുടെ
കാലശേഷം പേടിസ്വപ്നങ്ങളായി കൂര്‍ത്തചില്ലിന്‍
കൂട്ടങ്ങളായി സദാ വേട്ടയാടിക്കൊണ്ടിരിക്കും !!
നാനാ വിധം ഉടഞ്ഞു പോകുന്ന ജീവിതം
ബ്ലോഗുകള്‍ വായിച്ചു വായിച്ച്
ഇവിടെയും എത്തിപ്പെട്ടു,
കണ്ണുകള്‍ നിറഞ്ഞു.
ഒരു പൊതു തത്ത്വമാണ്
താങ്കള്‍ ഈ കഥ യിലൂടെ
വരച്ചു കാട്ടിയത്..
എഴുതിക്കോളൂ..
വായിക്കാന്‍ ഇനിയും വരാം..
നെഞ്ചിൽ തട്ടിയ പോസ്റ്റ്....
പ്രണാമം.
കഥ നന്നായി
ചില്ലിൻ കഷണങ്ങൾ മൂർച്ചയുള്ള ഒരായിരം ചില്ലിൻ കൂട്ടങ്ങളായി എന്നെ ചുറ്റിവരിഞ്ഞു.
കഥ വായിക്കുന്ന ഒരോരുത്തരെയും അത് ചുറ്റി വരിയും . പാവം അമ്മ...
മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു കഥ വായിച്ചപ്പോള്‍
മനോഹരമായ കഥ
മനോഹരമായി പറഞ്ഞു വച്ചു..
അഭിനന്ദനങ്ങള്‍ !!
മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന കഥ.
വേഗതയുടെ ലോകത്ത് തന്റെ കാലത്തെ ഓടി തീര്‍ത്തവര്‍ ഒരു ഭാരമത്രേ..!
എന്തൊരു തെറ്റായ മതമാണിത്. ഹാ കഷ്ടം.!!!
സ്നേഹം കരുതലും കൂടെയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഈ കണ്ണട. ഇക്കാ നന്ദി.
" യാത്രയില്‍ ഉടനീളം.കൌസല്യയെ മനസ്സാലെ ഒട്ടേറെശപിച്ചു ..." ഈ ശാപ് വാക്കുകള്‍ക്ക് ഒരര്‍ത്ഥവുമില്ല. മനുഷ്യന് വിവേചന ബുദ്ധിയുണ്ടല്ലൊ.. ആലോചിക്കാനും ചിന്തിക്കാനും ശരി എടുക്കാനും തെറ്റ് തള്ളാനും ഒക്കെ. അല്ലെ? എനിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു. പള്ളിക്കലിന്റെ കമന്റും...
" ഇതിൽ കൂടുതൽ ആകാമായിരുന്നു എന്നു ഖേദത്തോടെ പലരും ചിന്തിക്കുക മാതാപിതാക്കളുടേ വിയോഗത്തിനു ശേഷം മാത്രമായിരിക്കും. .." വളരെ സത്യാണ് ഈ വരികള്‍. ,, എന്റെ മുത്തശ്ശിയുടെ അവസാനങ്ങള്‍ എന്നോടൊപ്പമായിരുന്നു.. എനിക്കറിയാമായിരുന്നു അതൊക്കെ അവരുടെ അവസാനങ്ങളാണ് എന്ന്.. എന്നിട്ടും എനിക്കിപ്പൊ തോന്നുന്നുണ്ട് ഇതില്‍ കൂടുതല്‍ എനിക്ക് ചെയ്യാമായിരുന്നെന്ന്...കഥ വായിച്ചപ്പൊ അവരെ ഓര്‍ത്തത് കൊണ്ടാവും കണ്ണ് നിറഞ്ഞു പോയി...
അവസാന ദിനങ്ങള്‍ എന്നാണ് ഉദ്ദേശിച്ചത്...അവസനങ്ങള്‍ എന്നാ വന്നിരിക്കുന്നത്..തിരുത്തി വായിക്കണാമെന്നപേക്ഷ...
നൊമ്പരപ്പെടുത്തുന്ന കഥനം..
അഭിനന്ദനങ്ങൾ..!
ചില്ല് ശരിക്കും ചങ്കില്‍ തറച്ചു.
Post a Comment