Sunday, September 26, 2010

ഒരു കറുത്ത സായാഹ്നത്തിൽ

ഫ്ലാറ്റിലെ മുറിയിൽ ആഴത്തിലുള്ള വായനയിൽ പ്രകൃതിയിലെ മാറ്റങ്ങൾ ശ്രദ്ധയിൽ വന്നില്ല.ഇടയ്ക്കെപ്പൊഴോ ദൃഷ്ടി പുറത്തെക്ക് നീണ്ടു. മാനം നന്നേ കറുത്തിരിക്കുന്നു.‘ഓഹ്, സമയം വൈകിയല്ലോ..?’.പെട്ടെന്ന് തന്നെ എഴുന്നേറ്റ് അംഗശുദ്ധി വരുത്തി സായാഹ്ന പ്രാർത്ഥനയിൽ മുഴുകി.ആകാശത്ത് ഇടിയും മിന്നലും ഒരു മഴക്ക് കോപ്പ് കൂട്ടുന്നതായിയനുഭവപ്പെട്ടു.

നമസ്കാരം കഴിഞ്ഞാണ്‌ വാച്ചിലേക്ക് നോക്കിയത്. സമയം ആറാകുന്നതേ ഉള്ളൂ.സായാഹ്ന പ്രാർത്ഥനക്ക് സമയം ഇനിയും ബാക്കി.മഴ പെയ്തു തുടങ്ങി. ജനൽ പാളിയിലെ വിരി നീക്കി പുറത്തെ കാഴ്ചയിലേക്ക് കണ്ണ്‌ പായിച്ചു.മഴയുടെ മേളപ്പെരുക്കവും അകലെ മണിമാളികയിലെ വെള്ളി വെളിച്ചവുമല്ലാതെ ഒന്നും ദൃഷ്ടിയിലോ കർണ്ണപുടത്തിലൊ പതിഞ്ഞില്ല.

നമസ്കാര സമയം ഉറപ്പ് വരുത്താനായി വീട്ടിലേക്ക് മൊബൈലിന്റെ കീബോർഡിൽ വിരലുകൾ നൃത്തം ചെയ്തു.ജോലിത്തിരക്കിൽ അല്ലെങ്കിൽ അലസതയിൽ പ്രാർത്ഥന യഥാക്രമം നിർവ്വഹിക്കാൻ കഴിയാറില്ല. അത് കൊണ്ടു തന്നെ അഞ്ചുനേരവും മനസ്സിന്റെ കോണിൽ അദൃശ്യമാണ്‌.അങ്ങേ തലക്കൽ മകളുടെ സ്വരം പരിഭവത്തിൽ,

“ഒരാഴ്ചയായി ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ?”.

പലപ്പോഴും അങ്ങനെയാണ്‌. വിളിക്കുമ്പോഴൊന്നും മക്കളെ കിട്ടാറില്ല.മുഴുവൻ സമയവും പഠനസാമഗ്രികളൊത്തുള്ള പൃയാണങ്ങളാണ്‌. സ്കൂളും റ്റ്യൂഷനും അവരുടെ മസ്തിഷ്കങ്ങളിൽ പരീക്ഷകളുടെ വിത്തുകൾ പാകിയിരിക്കുന്നു.

“എന്താ അവിടെ ചെയ്യുന്നത്” മകളുടെ അടുത്ത ചോദ്യം.

“വായനയിൽ”

“ഏതാ, പുതിയത് വല്ലതും?”

“ഹേയ്..അല്ല, മാധ്യമം വാർഷികപ്പതിപ്പ്.നല്ല വണ്ണം വായിക്കാനുണ്ട്.വിഭവ സമൃദ്ധം.”

“ഓഹോ,വരുമ്പോൾ കൊണ്ടുവരണേ..”

“തീർച്ചയായും”

“കഴിഞ്ഞ ദിവസം ലൈബ്രറിയിൽ നിന്നും ഒന്ന് രണ്ട് പുസ്തകം എടുത്തു.ഒറ്റയിരിപ്പിൽ രണ്ടും വായിച്ച് തീർത്തു.”

“അതിനൊക്കെ സമയം ഉണ്ടാവൊ, പഠിക്കാനൊക്കെ ഒരു പാടില്ലേ, ഏത് പുസ്തകാ എടുത്തേ?.”
മോണ്ടി കൃസ്റ്റൊയുടെ മലയാളം പരിഭാഷയും പിന്നെ ഏതൊ ഒരു പുസ്തകവും പറഞ്ഞു.ഇംഗ്ലീഷ് കൃതികൾ വായിക്കുമ്പോൾ പരിഭാഷയല്ലാതെ യഥാർത്ഥ കൃതി തന്നെ വായിക്കാൻ നിർദ്ദേശിച്ചു.കാരണം,ഭാഷയുടെ സൗന്ദര്യം അറിയണമെങ്കിൽ യഥാർത്ഥത്തിലുള്ളത് തന്നെ വായിക്കണം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

വായനയിലൂടെ മനസ്സിനെ തേരിലേറ്റി ലോകം മുഴുവൻ കറങ്ങാൻ ഭാഗ്യം സിദ്ധിച്ചവളാണ്‌ അവൾ.ഈ ചെറുപ്രായത്തിൽ വായിച്ചു തീർത്ത പുസ്തകങ്ങൾക്ക് കണക്കില്ല. ഞാനവർക്ക് സമ്മാനിച്ചതും പുസ്തകങ്ങൾ തന്നെ.ഇരട്ടകളായ മക്കൾ മത്സരിച്ചാണ്‌ വായനയോട് പ്രതികരിക്കാറ്‌.എനിക്ക് സാധിക്കാതിരുന്ന പലതും മക്കളിലൂടെ ഞാൻ അനുഭവിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ സായൂജ്യ മടയുന്നു.

ഫോൺ ചെറിയമോളുടെ കയ്യിലേക്ക് എത്തിയിരുന്നു അപ്പോഴേക്കും .

“അസ്സലാമു അലൈക്കും” പ്രായത്തേക്കാൾ പക്വതയോടെ അവൾ മൊഴിഞ്ഞു.

“വ അലൈക്കുമുസ്സലാം”

“ഇന്നുസ്താതൊരു ചോദ്യം ചോദിച്ചു”

“എന്താത്?”

“മുഹമ്മദ് നബി തന്റെ സഹപ്രവർത്തകരോട് എങ്ങനെയാണ്‌ പെരുമാറിയിരുന്നത്-എന്ന്” അതു പറയാൻ മിനുത്താത്തായെ കൂട്ടു പിടിച്ചു.

“അപ്പോൾ മോളെന്താ ഉത്തരം പറഞ്ഞത്?”

“സ്നേഹത്തോടെ”

അതിശയം തോന്നി ആ ഉത്തരം കേട്ടപ്പോൾ,ആരും പറഞ്ഞു കൊടുത്തതായിരുന്നില്ല അങ്ങനെയുള്ളതൊന്നും.സ്വയം അവളങ്ങനെ പറഞ്ഞതാണ്‌.ചില ചോദ്യങ്ങളും ഉത്തരങ്ങളും കേട്ടാൽ അല്പായുസ്സിന്റെ ജല്പനങ്ങളായി ഭയപ്പെട്ടു പോകാറുണ്ട്.അത്രക്ക് പക്വതയാർന്നതായിരിക്കും അവയെല്ലാം.

എന്റെ നമസ്കാരസമയം ആയി ഫോൺ സംഭാഷണം തീർത്തും അവസാനിപ്പിച്ചു.പ്രാർത്ഥനയിലേക്ക് കടന്നു.പടച്ചവനേ.മക്കൾക്ക് ദീർഘായുസ്സ് ഏകണേ....,അവരിൽ കൺകുളിർമ്മ ഏകണേ.......








14 comments:

yousufpa said...

ജല്പനങ്ങളൊ അല്ലെങ്കിൽ മേനി പറച്ചിലൊ എന്തെങ്കിലുമൊക്കെ കരുതാം.

Junaiths said...

തീര്‍ച്ചയായും മക്കളെല്ലാവരും ദീര്‍ഘായുസ്സോടെ തന്നെ ജീവിക്കും,അതിനു കരുണാമയന്‍ അനുഗ്രഹിക്കട്ടെ..കൂടാതെ എല്ലാ സൌഭാഗ്യങ്ങളും അവര്‍ക്കുണ്ടാകട്ടെ..

Unknown said...

എനിക്ക് സാധിക്കാതിരുന്ന പലതും മക്കളിലൂടെ ഞാൻ അനുഭവിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ സായൂജ്യ മടയുന്നു.
നാം ഓരോരുത്തരും, നമ്മിലെ അപൂര്‍ണ്ണതകളെ മറികടന്ന് പൂര്‍ണ്ണതയെ പ്രാപിക്കുന്ന 'നമ്മിലെ നമ്മെ' ഇവിടെ പകരക്കാരാക്കിയാണ്‌ നാമൊക്കെ ഇവിടുന്ന് യാത്രയാകുന്നത്....അതോര്‍ക്കുമ്പോള്‍ വലിയ സമാധാനം
ഉണര്‍വ്വേകിയതിന്‌ നന്ദി...ദൈവാനുഗ്രഹമുണ്ടാവട്ടെ

പ്രയാണ്‍ said...

ഈ കറപറ്റാത്ത നിഷ്ക്കളങ്കത അവസാനം വരെ നിലനില്‍ക്കണേയെന്ന് ആഗ്രഹിക്കാമല്ലെ............ആഗ്രഹിക്കാനൊരു മനസ്സല്ലെ വേണ്ടു............:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വായിച്ചാൽ വളരും.വായിച്ചില്ലേൽ വളയും ....കുഞ്ഞുണ്ണിമാഷ്

നന്നായി. വിശാലവും ആഴമേറിയതുമായ ഒരു വായന നമ്മുടെ യുവതലമുറക്ക് നഷ്ടപ്പെട്ട് തുടങ്ങി.. വായനയെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കന്മാർക്ക് വംശനാശം സംഭവിച്ചട്ടില്ല എന്നറിയുന്നതു തന്നെ സന്തോഷം...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വെറും ജല്പനങ്ങളായിട്ടല്ല, ഒരു പിതാവിന്റെ ചുടുനിശ്വാസങ്ങൾ തട്ടിയ അന്തർഗതങ്ങളായിട്ടാണ് യൂസഫ്പയുടെ ഈ പോസ്റ്റ് അനുഭവപ്പെട്ടത്. യശസ്സിന്റേയും നേട്ടങ്ങളുടേയും കാര്യത്തിൽ അവനവനാകുന്ന തിരിയിൽ നിന്നും കൊളുത്തിയ പന്തങ്ങളാകണം തങ്ങളുടെ മക്കൾ എന്നു എല്ലാ പിതാക്കന്മാരും / മാതാക്കളും കൊതിക്കുന്നു.. ആ വികാരത്തിന്റെ മധുരസപന്ദം യൂസഫപയുടെ ഈ പോസ്റ്റിലും തുടിക്കുന്നു... എല്ലാ അർത്ഥതിലും ആ സായൂജ്യം അനുഭവിക്കാൻ ഇടവരട്ടെയെന്ന് ആശംസിക്കുന്നു..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'സമ്പത്തും സന്താനങ്ങളും ഇഹലോകത്തിന്റെ അലങ്കാരങ്ങളാണ്' എന്ന് വചനം..
സമ്പത്ത് ചെലവഴിക്കാന്‍ അല്പം സൂക്ഷ്മത മതി. എന്നാല്‍ മക്കള്‍ സച്ചരിതരാവാന്‍ അവര്‍ കൂടി കരുതണം.ഒപ്പം നമ്മുടെ പ്രാര്‍ഥനയും.
ഇന്നത്തെ മക്കള്‍ മിക്കതും പ്രായത്തില്‍ കവിഞ്ഞ പക്വത ഉള്ളവരാണ്.
അല്പായുസ്സിന്റെ ജല്പനങ്ങള്‍ എന്ന പ്രയോഗം തന്നെ അസ്ഥാനത്താണ്.അന്ധവിശ്വാസമാണ്.
എല്ലാവര്ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു....
(പോസ്റ്റ്‌ ഇട്ടാല്‍ ഒരു ലിങ്ക് അയക്കണേ)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തായാലും ജൽ‌പനങ്ങളായി ഇതിനെ കൂട്ടുന്നില്ല കേട്ടൊ ഭായ്

yousufpa said...

ജുനൈദ്,ഇഖ്ബാൽ,പ്രയാൺ ചേച്ചി,പ്രവീൺ,ചേട്ടൻ,ഇസ്മയിൽ,ബിലാത്തിപ്പട്ടണക്കാരൻ ബ്ലോഗ് സന്ദർശിച്ചതിനും വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും നന്ദി.... ഇസ്മയിൽ..താങ്കൾ സൂചിപ്പിച്ചപോലെ അതൊരന്ധ വിശ്വാസം തന്നെയാണ്.എന്നാലും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ് ഓരൊ പ്രവൃത്തികളിലും അവളുടെ സാമർത്ഥ്യം.അത് കൊണ്ടങ്ങനെ ഭയപ്പെട്ട് പോയതാണ്.

Kalavallabhan said...

തിരഞ്ഞെടുപ്പുകാലമായതാണോ ഈ ചുവപ്പിന്റെ രഹസ്യം

yousufpa said...

ചുവന്ന പനിനീർ പൂവിനെ കുറിച്ച് ചിന്തിച്ചാൽ മതി എന്റെ കലാവല്ലഭാ...

Sureshkumar Punjhayil said...

Velutha dinangalum...!

Manoharam, Ashamsakal...!!!

ഒരു നുറുങ്ങ് said...

....പടച്ചവനേ.മക്കൾക്ക് ദീർഘായുസ്സ് ഏകണേ...., അവരിൽ കൺകുളിർമ്മ ഏകണേ....

അതെ,യൂസുഫ്പ...സ്നേഹവും സത്സ്വഭാവവും
ഉള്‍ചേര്‍ന്ന മക്കള്‍ എവിടേയും ആര്‍ക്കും
കണ്‍കുളിര്‍മയല്ലാതെ മറ്റെന്ത് അനുഭൂതിയാണ്‍
രക്ഷിതാക്കള്‍ക്ക് നല്‍കുക...?
ഒരുവേള ഭൌതീകജീവിതത്തില് ഒരു പിതാവിന്‍
ലഭിച്ചേക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഈ സന്തോഷവും സംതൃപ്തിയും ആയിരിക്കും.

Anil cheleri kumaran said...

നെറ്റിന്റെയും സെല്ലിന്റെയും ഇടയില്‍ പുതു തലമുറ വായിക്കുന്നു എന്നത് തന്നെ അത്ഭുതം.
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.