Friday, February 4, 2011

ഈ സായം സന്ധ്യയിൽ...


കൊച്ചിയിലെ ഇന്നത്തെ സായാഹ്നം ചെറുകാറ്റും പൊടിപടലങ്ങളും നിറഞ്ഞതായിരുന്നു.എന്തൊ ഭാഗ്യം പതിവുള്ള തിരക്കൊന്നും കണ്ടില്ല. എന്റെ ലക്ഷ്യം ഡിസി ബുക്സിന്റെ ഫെയർ ആയിരുന്നു. പിന്നെ, ബിസ്സിനസ്സ് പരമായ അല്പം ഇടപാടും.

ജ്യൂ സ്റ്റ്രീറ്റിലെ തട്ടിത്തടയലുകൾക്കിടയിൽ നിന്നും രക്ഷപ്പെട്ട് മറൈൻഡ്രൈവിലേക്ക് കടന്നപ്പോൾ സുവിശ്ശേഷക്കാർ അരങ്ങു തകർക്കുന്നു. ഭക്തജനക്കൂട്ടവും കണ്ടു പുസ്തക മേളയുടെ കവാടം കടന്നപ്പോൾ ഒരു മരണ വീടിന്റെ പ്രതീതിയാണനുഭവപ്പെട്ടത്. സ്റ്റാളുകളിലെ ജീവനക്കാർ കൂടാതെ ഏതാനും പേർ അങ്ങിങ്ങായി നില്പുണ്ട്. ആംഗലേയവും ആത്മീയവുമായ സ്റ്റാളുകൾക്ക് മുന്നിലൂടെ കടന്ന് പോയപ്പോൾ ഒരു രുചിയുള്ള മണം പരന്നൊഴുകി.ഇ-വായനയുറ്റെ പുത്തൻ സാങ്കേതിക വിദ്യയുടെ സ്റ്റാളും കടന്നപ്പോൾ. അല്പം ചിരി വരാതിരുന്നില്ല .ഒപ്പം അക്ഷരലോകത്തെ പുതുമയിൽ കൗതുകം തോന്നാതെയുമിരുന്നില്ല.വായന ഇങ്ങിനെയും നടക്കട്ടെ അല്ലേ?.

ദാ.. അവിടെ ഒരു ചെറുകൂട്ടം.എന്റെ ശിരസ്സും അങ്ങോട്ട് നീണ്ടു. ശർക്കരയിൽ കടലയിട്ട് വിളയിച്ചെടുക്കുകയാണൊരാൾ.സാക്ഷാൽ കടലമിഠായി ചൂടോടെ അച്ചിലൊഴിച്ച് നിരത്തി പുതുമയോടെ മൂറിച്ചു വില്ക്കുന്നു മറ്റൊരാൾ, അല്പം മുൻപ് എന്റെ നാസദ്വാരം തുളച്ച് കയറിയ ആ മധുരമുള്ള വിരുന്നുകാരനെ അപ്പോഴാണ്‌ പിടുത്തം കിട്ടിയത്. വ്വിട്ടുപകരണങ്ങളും മറ്റും വില്ക്കുന്ന സ്റ്റാളുകളും അവിടെ ഉണ്ട്. പൂച്ചക്കെന്താ പൊന്നുരുക്കുന്നേടത്ത് എന്ന് തോന്നാതെയും ഇരുന്നില്ല.“ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം”.

ഡിസി യുടെ സ്റ്റാളിലേക്ക് കയറിയപ്പോൾ പുസ്തകം മറിച്ച് നോക്കിക്കൊണ്ട് ഒരു സ്ത്രീഹൃദയം വെളുത്ത തട്ടമണിഞ്ഞ് അവിടെ നില്ക്കുന്നു. എവിടെയോ കണ്ടു മറന്ന മുഖം..!?. ഓ.. ഒത്തിരി പേരെ കാണുന്നതല്ലേ ദിനവും? അങ്ങിനെ കണ്ട ഒരാളായിരിക്കാം എന്നു കരുതി ഞാനെന്റെ മനോരാജ്യം വിട്ട് പുസ്തകക്കൂട്ടങ്ങളിലേക്ക് കണ്ണയച്ചു. ബെന്യാമിന്റെ ആടുജീവിതം പുതിയ മുഖവുമായി എന്നെ ഉറ്റുനോക്കി. അങ്ങനെ അനേകം പുസ്തകങ്ങൾ എന്നെ നോക്കി കണ്ണിറുക്കുന്നുണ്ട്.ശുഷ്കിച്ച പോക്കറ്റിന്റെ ദീനരോദനം എനിക്കല്ലേ അറിയൂ.കരുതിവെച്ച കുറച്ച് പണമല്ലാതെ മറ്റൊന്നും തന്നെ എന്റെ പോക്കറ്റിനെ ധനികനാക്കുന്നില്ല. അത് ഞാൻ അരുന്ധതി റോയിയുടെ ബുക്കർ പ്രൈസ് നേടിയ ദ ഗ്ഗോഡ് ഓഫ് സ്മാൾ തിംഗ്സിന്റെ മലയള പതിപ്പായ കുഞ്ഞുകാര്യണളുടെ ഒടേ തമ്പുരാൻ വാങ്ങാനുള്ളതായിരുന്നു.അത് മൊഴിമാറ്റം നടത്തിയത് പ്രിയ എസ് നായരും. പ്രിയ എസ് നായരുടെ ഭാഷവിരുത് ഗംഭീരമാണെന്ന് കേട്ടിട്ടുണ്ട്. എങ്കിൽ പുസ്തകം അതിന്റെ യഥാർത്ഥ ഭാവം പകരും എന്നെനിക്കുറപ്പുണ്ടായിരുന്നു.

പുസ്തകമെടുത്ത് വില്ല നോക്കിയപ്പോൾ ഞെട്ടി..? 225 രൂപ.
‘സാറേ ഡിസ്കൗണ്ട് ഉണ്ടോ..?’
‘ഉണ്ട്, 25 രൂപ കുറച്ച് തന്നാൽ മതി’.

ആ മഹാമനസ്കതക്ക് നന്ദി പറഞ്ഞ് രെസീതും വാങ്ങി കൗണ്ടറിലേക്ക് നടന്നു. അവിടെ പണം കൊടുത്താലെ പുസ്തകം കിട്ടു.പഴമയുടെ ചിഹ്നമണിഞ്ഞ ആധുനീക സ്ത്രീ രൂപം അവിടെ ഇരുന്നിരുന്നു. ഒരു കൊളാഷ് ചിത്രം പോലെ തോന്നിച്ചു അവളുടെ രുപം.

പണമടച്ച് പുസ്തകവും വാങ്ങി തിരിച്ചു പോരുമ്പോൾ ‘സാറെ ഈ കൂപ്പണൊന്ന് പൂരിപ്പിച്ചേക്കൂ..’എന്നൊരു കൊച്ചിന്റെ വിളി. അങ്ങിനെ അതും പൂരിപ്പിച്ച് സാംസ്കാരീക സമ്മേളന വേദിയിലേക്ക് പ്രവേശിച്ചപ്പോൾ നേരത്തെ കണ്ട വെള്ള തട്ടക്കാരി ദാണ്ടെ അവിടെ.ഞാനോർതെടുക്കുകയായി വീണ്ടും.പക്ഷെ, മനോമുകുരത്തിൽ അതിന്റെ ലഞ്ചനയൊന്നും വരുന്നുമില്ല.

‘കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ എന്ന പുസ്തകഠിന്റെ ഗ്രന്ധകർത്താവായ അരുന്ധതി റോയി അല്പസമയത്തിനകം നേരിട്ട് നിങ്ങൾക്ക് കയ്യൊപ്പ് നല്കുന്നതാണ്‌’-ആ ആധുനീക സ്ത്രീരൂപം ഉഛഭാഷിണിയിൽ ഒച്ചവെയ്ക്കുന്നു.
അവൾ വായ അടക്കിയപ്പോൾ ഞാൻ ചോദിച്ചു“എത്ര സമയമെടുക്കും”
“ദാ അവിടെ ലോഞ്ച് ചെയ്തിട്ടുണ്ടല്ലൊ”അവൾക്ക് പച്ചപ്പരിഷ്ക്കാരിയുടെ ഭാവമാറ്റം.
ഞാൻ ഓടി ചെന്നു നോക്കുമ്പോൾ അവിടെ അരുന്ധതി റോയ് ഒരു ചെറിയ വൃന്ദത്തിനു നടുവിൽ .മൊബൈൽ കാമറകളും കാമറകളും കണ്ണെറിഞ്ഞു അവരുടെ ഭാവങ്ങളെ കവർന്നെടുക്കുന്നു. ഞാനും പകർത്തി ചിലത്.




കൂട്ടത്തിൽ നമ്മുടെ വെള്ള തട്ടക്കാരിയും തലങ്ങും വിലങ്ങും പടം എടുക്കുന്നുണ്ട്.എന്റെ പടം പിടിപ്പു കഴിഞ്ഞു .ഞാനെന്റെ സഞ്ചിയിൽ നിന്നും ബുക്കെടുത്ത് നീട്ടി ആ ബുക്കർ പ്രൈസുകാരിയുടെ കയ്യൊപ്പിനായി.

ഹൃദയഹാരിയായ പുഞ്ചിരിയോടെ ആംഗലേയത്തിൽ അവർ ചോദിച്ചു-“ എല്ലാവർക്കും വേണ്ടി കുറച്ച് സമയം ഞാൻ ചിലവഴിക്കുന്നുണ്ട്.ആ വേദിയിൽ നിന്നും തന്നാൽ മതിയോ..?”
“ഓഹ്‘തീർച്ചയായും” അപ്പോഴേക്കും അവർ വേദിയിലേക്ക് നീങ്ങി.


നമ്മുടെ വെള്ള തട്ടക്കാരിയെ ഞാൻ വിടാൻ ഭാവമുണ്ടായിരുന്നില്ല. അവർക്ക് പിന്നാലെ ചെന്ന് ഞാൻ ചോദിച്ചു
“ക്ഷമിക്കണം, സഹീറാ തങ്ങളല്ലെ”
-അറിയില്ലേ സഹീറാ തങ്ങൾ..നോവലിസ്റ്റും കവയത്രിയുമായ..സഹീറാ തങ്ങൾ പെണ്ണെഴുത്തിന്റെ പുതിയ ഭാവം.
“അതെ, ആരാ”
“ഞൻ യൂസുഫ്,താങ്കളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അന്ന് നമ്മൾ ബ്ളോഗിനെ കുറിച്ച് സംസാരിക്കയുണ്ടായി”
“ഓഹ്’ ഇപ്പോൾ ഞാൻ ഓർക്കുന്നു”
അങ്ങിനെ ഞങ്ങൾ അല്പനേരം കുശലം പറഞ്ഞു.കൂട്ടത്തിൽ തുഞ്ചൻപറമ്പിലെ മീറ്റിനെ കുറിച്ചും ഞാൻ സംസാരിച്ചു.നാളെ അവരുറ്റെ കവിതാസമാഹാരത്തിന്റെ പ്രകാശനമാണെന്ന് പറഞ്ഞു.അവരുറ്റെ ക്ഷണം സ്വീകരിച്ച് നാളെ കാണാമെന്ന് പറഞ്ഞു പിരിയുകയും ചെയ്തു.




അരുന്ദതി റോയ് ഒപ്പിട്ടു തുടങ്ങിയിരിക്കുന്നു. എന്റെ ഊഴത്തിനായി കാത്തു നില്ക്കുമ്പോഴതാ ഒരു മാധ്യമകൂട്ടം ഇടക്ക് കയറി അഭിമുഖത്തിന്‌ തക്കം പാർക്കുന്നു. ഡിസി ബുക്സിന്റെ അധികാരി അവരെ വിക്കുന്നുണ്ട്-അരുത്..കാട്ടാളാ..അരുത്.



എന്റെ ഊഴം വന്നു,ഞാൻ ഒപ്പിട്ട് വാങ്ങി, എന്റെ ബിസ്സിനസ്സ് കാർഡും നല്കി.

തിരിച്ച് യാത്ര തിരിക്കുമ്പോൾ അവാച്യമായ ഒരാനന്ദം മനസ്സിൽ അലയടിച്ചിരുന്നു. മനസ്സിൽ നിറയെ ശാലീനതയുടെ ആ പെണ്ണെഴുത്തുകൾ.


26 comments:

yousufpa said...

രണ്ട് പെണ്ണനുഭവങ്ങൾ...

Unknown said...

:)

സസ്പെന്‍സ് ത്രില്ലര്‍വായിച്ച പോലെ.
നല്ല വിവരണം!

ആളവന്‍താന്‍ said...

ഫാഗ്യവാന്‍ !!!

പ്രയാണ്‍ said...

കൊള്ളാലോ......:):)

രമേശ്‌ അരൂര്‍ said...

യൂസുഫ്പ മറൈന്‍ ഡ്രൈവിലെയും എറണാകുളത്തപ്പന്‍ ഗ്രൌണ്ടിലെയും, കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം ഗ്രൌണ്ടിലെയും പുസ്തകമേളകള്‍ എനിക്ക് മിസ്‌ ചെയ്യാന്‍ തുടങ്ങിയിട്ട് ഇത് രണ്ടാമത്തെ വര്‍ഷമാണ്‌..പുസ്തക പ്രേമിയായും പത്രക്കാരനായും നടോടിയായും അവിടങ്ങളില്‍ ഞാന്‍ കറങ്ങി നടന്നത് ഓര്മ വരുന്നു..കഥാകാരി പ്രിയ .എ,എസ അല്ലെ ആദ്യ ചിത്രത്തില്‍ അരുന്ധതി റോയിയുടെ പിന്നില്‍ പുസ്തകങ്ങളും പിടിച്ചു നില്‍ക്കുന്നത്..
ഹൈസ്കൂളില്‍ എന്നെ മലയാളം പഠിപ്പിച്ച അക്ഷരങ്ങളുടെ മാസ്മരിക ശക്തി കാണിച്ചു തന്ന സദാശിവന്‍ സാറിന്റെ മകള്‍ ആണ് പ്രിയ.
പിന്നെ ,,പത്രക്കാരെ കാട്ടാളാ എന്ന് വിശേഷിപ്പിച്ചത്‌ ശരിയായില്ല കേട്ടോ :)

Junaiths said...

പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന ചില സന്തോഷങ്ങള്‍ ,തിരക്കുകള്‍ ...
യൂസുഫ്ക്ക നിങ്ങടെ ഒക്കെ ടൈം ..അല്ലാതെന്തു പറയാന്‍ ...
ഇക്കാ മുന്‍പൊരിക്കല്‍ എഴുതിയത് (മകളോടാണെന്ന് തോന്നുന്നു ) ഓര്‍ക്കുന്നു..കഴിവതും പരിഭാഷകള്‍ വായിക്കാതെ നോക്കണമെന്ന് .........

A said...

അരുന്ധതി റോയിയെ ഒന്ന് കാണുക എന്നതും ബഷീര്‍ ഗാന്ധിജിയെ തൊട്ടപോലെ ഒന്ന് തൊടുക എന്നതും എന്റെ വലിയ ഒരു അഭിലാഷമാണ്
i am jealous of you man

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹൃദയഹാരിയായ ഒരു സായംസന്ധ്യ തന്നെ.

സര്‍ഗ്ഗപരമായ സിദ്ധികള്‍ക്കു പുറമെ, മനുഷ്യപക്ഷത്ത് നിന്നുള്ള ധീരവും സ്വതന്ത്രവുമായ അഭിപ്രായങ്ങള്‍ ഉറക്കെപ്പറയാന്‍ ചങ്കൂറ്റമുള്ള വര്‍ത്തമാനകാലത്തെ അപുര്‍വ്വജനുസ്സുകളില്‍പെട്ട അരുന്ധതിയെ കാണാനിടയായത് ആ സന്ധ്യയുടെ ശോഭ വര്‍ദ്ധിപ്പിച്ചു.

അനുഭവവിവരണം അസ്സലായി.

yousufpa said...

@രമേഷ് ഭായ്, ആ സമയം കയ്യൊപ്പുകൾക്കായി നീക്കി വെച്ചിരിക്കയായിരുന്നു. ഒരു മുന്നറിയിപ്പൊ മറ്റൊ കൂടാതെയാണ്‌ അവർ ഇടിച്ചു കയറിയത്.പലതവണ ആ ചുവപ്പ് ഉടുപ്പുകാരൻ പയ്യൻ വിലക്കുന്നുമുണ്ട്.
പിന്നെ കാട്ടാളാ എന്ന് വിളിച്ചത് കൊണ്ട് തെറ്റൊന്നുമില്ല എന്നാണ്‌ തോന്നുന്നത്. ആടിനെ പട്ടിയാക്കുന്ന സമ്പ്രദായമല്ലേ ഇന്നത്തെ പത്രക്കാരുടെ വിനോദം.
@ജുനൈദ്,
ശരിയാണ്‌, യഥാർത്ഥ ഫീൽ ഒറിജിനൽ വായിക്കുമ്പോഴെ കിട്ടു.പക്ഷെ ഈ ബുക്ക് മലയാളത്തിലേത് വായിച്ചാൽ പോലും പല ആവർത്തി വായിക്കേണ്ടിയിരിക്കുന്നു. ഓരോ ആവർത്തി വായിക്കുമ്പോഴും പുതിയ തലങ്ങളിലേക്ക് അതെത്തിപ്പെടുന്നു. വിവർത്തനം ചെയ്ത പ്രിയ എ എസ് തന്റെ ആമുഖഠിൽ അത് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്.

Ismail Chemmad said...

ഒരു നല്ല കഥ വായിക്കുന്ന ത്രില്ലില്‍ ഈ വിവരണം വായിക്കാന്‍ കഴിഞ്ഞു
ഞങ്ങള്‍ പ്രവാസികളുടെ പല നഷ്ടങ്ങളുടെയും കണക്കില്‍ ഇത്തരം അസുലഭ മുഹൂര്‍ത്തങ്ങളും പെടുന്നു

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭാഗ്യവാന്‍

mumsy-മുംസി said...

കൊച്ചി ഒരു ഹാപ്പെനിങ്ങ് സിറ്റിയായി മാറിയിട്ടുണ്ടല്ലെ ? :) പുസ്തകമേളകള്‍ നന്നായി നടക്കുക തൃശൂരും കോഴിക്കോടുമാണെന്ന ഒരു ധാരണയുണ്ടായിരുന്നു. അത് മാറിയത് കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം അവിടെ നടന്ന ടി.ബി. എസിന്റേതാണെന്നു തോന്നുന്നു ഒരു ബുക്ക്ഫെയര്‍ കണ്ടപ്പോഴാണ്‌. അതിനു ശേഷം എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി മാറിയ 'Notes to my self'അവിടെ നിന്നാണ്‌ കിട്ടിയത്. പിന്നെ, god of smallthings ഇംഗ്ലീഷ് തന്നെ വായിക്കാന്‍ ശ്രമിക്കണം .

Muralee Mukundan , ബിലാത്തിപട്ടണം said...

ചില സുഖമുള്ള ഓർമ്മകളൂടെ നല്ല കുത്തികുറിപ്പുകൾ കേട്ടൊ ഭായ്

Manoraj said...

ഇന്നലെ ഇക്ക അത് വിളിച്ച് പറഞ്ഞപ്പോളാണ് ലീവെടുത്തതില്‍ വിഷമം തോന്നിയത്. പിന്നെ ഇക്കാ പ്രിയ എസ്. നായരല്ല. പ്രിയ എ.എസ് ആണ് കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ വിവര്‍ത്തനം ചെയ്തത്. മലയാളം കണ്ട ഒരു നല്ല കഥാകാരി തന്നെ ആ പുസ്തകം വിവര്‍ത്തനം ചെയ്തതില്‍ സന്തോഷമുണ്ട്. ഞാന്‍ ഒരു കോപ്പി നേരത്തെ സംഘടിപ്പിച്ചിരുന്നു. ഒപ്പിടിവിക്കാന്‍ പറ്റിയില്ല എന്നൊരു വിഷമം ബാക്കി.

സാബിബാവ said...

കൊള്ളാലോ, എനിക്കും എപ്പോഴെങ്കിലും കാണണം.
ആഗ്രഹങ്ങളാണല്ലോ

Unknown said...

ആണുങ്ങളെപോലെ പുസ്തകമേളകളിലൊക്കെ തെണ്ടി നടക്കാന്‍ വലിയ ആശയുണ്ട്.എന്ത് ചെയ്യാം.കൂട്ടിനു വരാന്‍ ഒരൊറ്റയെണ്ണത്തിനെ കിട്ടില്ല.വല്ലപ്പോഴും ഡ്രസ്സ്‌ എടുക്കാനെന്നും പറഞ്ഞു പോയി കൂടുതല്‍ സമയവും പുസ്തകക്കടയിലായിരിക്കും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അക്കൂട്ടത്തില്‍ ചെന്നുപെട്ട ഒരു പ്രതീതിയുണ്ടാക്കി ഈ വായന..

Unknown said...

ഇഷ്ടമുള്ളവരെ നേരില്‍ കാണുന്നത് ഒരു നല്ല അനുഭൂതിതന്നെ.

'ഡിസി യുടെ സ്റ്റാളിലേക്ക് കയറിയപ്പോൾ പുസ്തകം മറിച്ച് നോക്കിക്കൊണ്ട് ഒരു സ്ത്രീഹൃദയം വെളുത്ത തട്ടമണിഞ്ഞ് അവിടെ നില്ക്കുന്നു'.

ഇതില്‍ 'സ്ത്രീഹൃദയം' എന്ന പ്രയോഗം ചേരാത്തത് പോലെ (സ്ത്രീരത്നം, മഹിളാമണി.. തുടങ്ങിയ പ്രോയോഗങ്ങള്‍ പോലെയാണ് ഉപയോഗിച്ചതെങ്കില്‍!).

...sijEEsh... said...

എഴുതിയ ആളുടെ കയ്യൊപ്പ് ,ആളുടെ പുസ്തകത്തില്‍ കിട്ടുക എന്ന് പറഞ്ഞാല്‍ ഭാഗ്യം തന്നെ.. :)

Unknown said...

ഭാഗ്യം തന്നെ

MOIDEEN ANGADIMUGAR said...

യൂസുഫ്പ ഭാഗ്യവാൻ.

Sabu Kottotty said...

ഉം.. ഉം...
നിങ്ങളുതന്നെ....

ഓ ടോ: തുഞ്ചന്‍പറമ്പില് എന്താ ഞാന് ചെയ്യേണ്ടതെന്നു പറഞ്ഞില്ല....

yousufpa said...

വാദിയെ പ്രതിയാക്കല്ലെ കൊട്ടോട്ടി.

ഷമീര്‍ തളിക്കുളം said...

ഈയടുത്ത് ടീവിയില്‍ അവരുമായി അഭിമുഖം ഉണ്ടായിരുന്നു... സംസാരിച്ചു തീരുമ്പോഴേക്കും നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുത്തിരുന്നു. എന്തായാലും താങ്കള്‍ ഭാഗ്യവാന്‍ തന്നെ, ആ ഒരു കയ്യൊപ്പിനു....

Unknown said...

ആദ്യമായിട്ട ഇതിലുടെ ........ഇന്നി സഹീറ തങ്ങളെ തേടി പോവണം ....
ഒരു തിരകഥ പോലെ എഴുതിരിക്കുന്നു .നന്നായി

prasanna raghavan said...

yusuphpa, (sorry my malayalam is not working)

That was a good experience. you made it better through your writing. Remember we met at marine drive on 6 December at the blog meet. (Prasanna)

You can read on Kochi meet part 2
here