Wednesday, February 23, 2011

നിലനില്പിനുവേണ്ടി ...

പദങ്ങളും
പദാർഥങ്ങളും
ചേർന്നാണ്‌
പ്രപഞ്ചം ഉണ്ടായത്

ജീവന്റെ
ഉറവിടം തേടി
ഭൂമി തുളക്കുമ്പോൾ.?
ജീവജലം തേടി
അലയുകയാണ്‌
ജീവജാലങ്ങൾ

കുനിഞ്ഞിരിക്കുന്ന
വൃദ്ധന്റെ ചെവിയിൽ
ഈച്ച ദാരിദ്രത്തിന്റെ
കാവ്യം രചിക്കുന്നു

ശുഷ്കിച്ചു വറ്റിയ
മുലയിൽ നിന്നും
ഈമ്പിവലിക്കയാണ്‌
അസ്ഥിവസ്ത്രമണിഞ്ഞ
കുഞ്ഞുജീവൻ

മൂക്കള ഒലിച്ച
പയ്യന്റെ കണ്ണിൽ
വിശപ്പിന്റെ തീഷ്ണത

ഉമ്മറത്തിണ്ണയിൽ
ഉറുമ്പിന്റെ വിലാപയാത്ര
അകലെ, കഴുകൻ
പന്തിയൊരുക്കി കാത്തിരിപ്പാണ്‌

മാംസപുഷ്പങ്ങൾ
വില്പനക്ക് വെച്ചിരിക്കയാണ്‌
അന്നം തേടി യുവതികൾ

ചാരായക്കുപ്പിയിൽ
നാവിട്ട് നക്കുകയാണ്‌
യുവാക്കൾ

പദങ്ങളും
പദാർഥങ്ങളും
ചേർന്നാണ്‌
പ്രപഞ്ചം ഉണ്ടായത്

17 comments:

yousufpa said...

നിലനില്പിനുവേണ്ടി ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രകൃതിയുടെ ചൂഷണത്തെ,മനുഷ്യന്‍റെ ദാരിദ്ര്യത്തെ,വ്യാഖ്യാനിച്ച ഈ വരികളില്‍ മനസ്സിലെക്കേത്താനുള്ള ശക്തമായൊരു ഭാഷയുണ്ട്.
ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.

രമേശ്‌ അരൂര്‍ said...

എതോപ്യയിലും നിക്കരാഗ്വയിലും സുഡാനിലും മറ്റും ഉണ്ടായ ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും ലോക മനസാക്ഷിക്ക് മുന്‍പില്‍ നിരത്തിയ ദാരുണ ചിത്രങ്ങള്‍ ഓര്മ വന്നു ..മരണം കാത്തു നില്‍ക്കുന്ന കഴുകന്‍ ..അസ്ഥി വസ്ത്രം ധരിച്ച കുട്ടി ...പുതിയ ബിംബങ്ങള്‍ തേടാമായിരുന്നു..

പ്രയാണ്‍ said...

ജീവന്റെ
ഉറവിടം തേടി
ഭൂമി തുളക്കുമ്പോൾ.?
ജീവജലം തേടി
അലയുകയാണ്‌
ജീവജാലങ്ങൾ
good...........

Unknown said...

മനസ്സില്‍ തട്ടുന്ന വരികള്‍.....

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെയും,ചൂഷണങ്ങളേയും വ്യാഖ്യാനിച്ച ഈ വരികൾ ലോകത്തിലെ എല്ലാ അർത്ഥങ്ങളെക്കാളും ..അർത്ഥവർത്തായത് തന്നെ..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രസക്തമായ ചിന്തകള്‍ തന്നെ .
സത്യത്തില്‍ ഈ ദുരവസ്ഥ മനുഷ്യനിര്‍മ്മിതം തന്നെയല്ലേ...
യുദ്ധവും വെട്ടിപ്പിടിക്കലും മുതലാളിത്തവും ധാര്‍മിക അധപതനവും ഒക്കെക്കൂടി എല്ലാം നാശമാക്കിയിരിക്കുന്നു

A said...

അതി തീഷ്ണമായ കാഴ്ചകള്‍, നിദ്രയെ അപഹരിക്കുന്ന വാസ്തവങ്ങള്‍.
തഹ്`രീര്‍ സ്ക്വയറും, ട്രിപ്പോളിയും പുതിയ പരിഹാരങ്ങള്‍ തേടുമ്പോള്‍, ലോകം ആകെ തന്നെ ആവേശത്തിലാണ്. സമവാക്യങ്ങള്‍ മാറേണ്ടിയിരിക്കുന്നു. മുതലാളിയുടെ ഗോഡൌണില്‍ ഭക്ഷ്യ വില കൂട്ടാന്‍ വേണ്ടി ഗോതമ്പ് കൂമ്പാരം കത്തിച്ചു കളയുകയുമ്പോള്‍, സാധാരണ മനുഷ്യര്‍ "ജീവജലം തേടിഅലയുകയും" ചെയ്യുമ്പോള്‍ മാറ്റങ്ങള്‍ അനിവാര്യം.
നന്നായി പറഞ്ഞു.

പള്ളിക്കരയിൽ said...

നാറ്റം പിടിച്ച ഒരു ലോകക്രമം ബാക്കിവെച്ച കരളുരുക്കും കാഴ്ചകളെയാണ് യൂസഫ്പ വരികളിലൂടെ കാണിച്ചു തരുന്നത്. പദങ്ങളെ വിട്ട് പദാർത്ഥത്തെ പിടിച്ചടക്കി സ്വന്തമാക്കാനോടുകയായിരുന്നല്ലോ ലോകം. കയ്യിലൊതുങ്ങാവുന്നതിലധികം കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയിൽ, ഓട്ടത്തിനിടയിൽ, കുനിഞ്ഞിരിക്കുന്ന വ്ര്‌ദ്ധനും കണ്ണിൽ വിശപ്പിന്റെ തീക്ഷ്ണതയുള്ള പയ്യനും ഒന്നുമൊന്നും ആർക്കും വിഷയമായിരുന്നില്ല. പക്ഷെ കാലം ഒരു പൊളിച്ചെഴുത്ത് നടത്താൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അരങ്ങുവാഴുന്ന അസുരവേഷങ്ങളുടെ കോട്ടകൊത്തളങ്ങൾ കുലുങ്ങിത്തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ കേളികൊട്ട് ഉണർന്നു തുടങ്ങിയിരിക്കുന്നു. നമുക്ക് ശുഭാപ്തിവിശ്വാസികളാകാം. (ശ്രീ സലാമിന്റെ കമന്റിനു എന്റെ വക അടിവര)

sHihab mOgraL said...

ചുറ്റിലുമുള്ള ലോകക്കാഴ്ച്ചകളിലേക്കും മനുഷ്യജീവിതങ്ങളിലേക്കും നോക്കി ഒരു നെടുവീര്‍പ്പിനുള്ള സമയമെങ്കിലും കണ്ടെത്തുന്നല്ലോ..
കാഴ്ച്ചകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു..

mumsy-മുംസി said...

ആദ്യത്തെ വരിയില്‍ മാത്രമേ കവിത കണ്ടുള്ളൂ, പുറകെ വന്ന മൂര്‍ച്ചയുള്ള ബിംബങ്ങളൊക്കെ ഒരുപാട് കവികള്‍ ആവര്‍ത്തിച്ചവയാണെന്നു തോന്നുന്നു. ഓഫ് ടോപിക്ക് : അറേബ്യന്‍രാജ്യങ്ങളില്‍ നടക്കുന്ന വിപ്ലവങ്ങളും ഇതും തമ്മിലെന്താണ്‌ ബന്ധം ?

pallikkarayil said...

@ മുംസി
>>ഓഫ് ടോപിക്ക് : അറേബ്യന്‍രാജ്യങ്ങളില്‍ നടക്കുന്ന വിപ്ലവങ്ങളും ഇതും തമ്മിലെന്താണ്‌ ബന്ധം ?<<

യൂസഫ്പയുടെ കവിതയിലെ ബിംബകൽ‌പ്പനകൾ, പലരുടേയും കമന്റുകളിൽ സൂചിപ്പിക്കപ്പെട്ടപോലെ, ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യജീവിതദുരിതചിത്രങ്ങളെയാണ് വായനക്കാരന്റെ മനോമുകുരത്തിലുണർത്തിയത്. അവരനുഭവിക്കുന്ന ദുരിതങ്ങൾ അവിടങ്ങളിലെ പ്രക്ര്‌തിയുടെ പാരുഷ്യത്തിന്റെ ഫലമാണെന്നതിനു പുറമെ അവരെ അടക്കി ഭരിക്കുന്ന സ്വേച്ഛാധിപതികളുടെ സ്വാർത്ഥമാത്രലക്ഷ്യത്തോടെയുള്ള കിരാതവാഴ്ചയൊരുക്കിയ അനിവാര്യസാഹചര്യം മൂലം അടിച്ചേല്പിക്കപ്പെട്ടതുകൂടിയാണ്. വർഷങ്ങളോളം സഹിച്ചനുഭവിച്ച ശോച്യാവസ്ഥയ്ക്കറുതിവരുത്താൻ അവർ രണ്ടും കല്പിച്ച് ഒരുങ്ങിപ്പുറപ്പെട്ടതിന്റെ ചിത്രങ്ങളാണ് അപ്രദേശങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളും ദ്ര്‌ശ്യങ്ങളും കാണിച്ചുതരുന്നത്. ആനുഷംഗികമായി, കമന്റ്റുകളിൽ ആ പരാമർശങ്ങൾ വന്നുപോകുന്നത് തികച്ചും സ്വാഭാവികം.

mumsy-മുംസി said...

@ പള്ളിക്കരയില്‍...യൂസഫ്‌പ കോറിയിട്ടിരിക്കുന്നത് മൂര്‍ച്ചയുള്ള ബിംബങ്ങള്‍ തന്നെ , അതില്‍ എനിക്കും സംശയമൊന്നുമില്ല. പക്ഷേ അവ ക്ലീഷേകളായിപോയോ എന്ന ഒരു സംശയം മാത്രം. അവസാനത്തില്‍ ചാരായക്കുപ്പികള്‍ നക്കികുടിക്കുന്ന യുവാക്കളെകുറിച്ചും എഴുതിയിട്ടുണ്ടല്ലോ , എനിക്കവ 'കണക്റ്റഡ്' ആയി തോന്നിയില്ല. രമേശ് അരൂരിനെ ഈ ബിംബങ്ങള്‍ ചിലത് ഓര്‍മ്മിപ്പിച്ചു , ബാക്കിയുള്ളവര്‍ ആ കമന്റിന്റെ ചുവട് പിടിച്ച പോലെ തോന്നി. (തോന്നല്‍ മാത്രമാവാം )
.....യൂസഫ്പ കൂടുതല്‍ നല്ല കവിതകള്‍ എഴുതിക്കാണാനുള്ള ആഗ്രഹമുണ്ട് :)

pallikkarayil said...

@ മുംസി

താങ്കളുടെ ആഗ്രഹം തുല്യ അളവിൽ ഞാൻ പങ്കിടുന്നു.

എന്റെ പ്രതികരണം താങ്കൾ ഓഫ് ടോപ്പിക്ക് ആയി ഇട്ട വരികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളു.

മറ്റു കാര്യങ്ങളിൽ താങ്കൾ എഴുതിയതിനോട് യോജിക്കാതിരിക്കാൻ കാരണങ്ങളില്ല.

വാഴക്കോടന്‍ ‍// vazhakodan said...

പദങ്ങളും പദാർഥങ്ങളും ചേർന്നാണ്‌ പ്രപഞ്ചം ഉണ്ടായത്, കവിത ഉണ്ടായത്!
എനിക്കിഷ്ടപ്പെട്ടു യൂസഫ്പ!

പാവത്താൻ said...

“പദങ്ങളും പദാർഥങ്ങളും ചേർന്നാണ്‌ പ്രപഞ്ചം ഉണ്ടായത്, കവിത ഉണ്ടായത്!“
പക്ഷേ അര്‍ഥമില്ലാത്ത പദങ്ങള്‍ കോര്‍ത്തിണക്കിയ വ്യര്‍ഥ ശബ്ദങ്ങള്‍ പോലെയുള്ള ജീവിതാവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന കവിത. പിന്നെ പലരും സൂചിപ്പിച്ചതു പോലെ ചിരപരിചിതമായ ബിംബങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നെനിക്കും തോന്നുന്നു.

സാബിബാവ said...

കവിതയില്‍ പറഞ്ഞ റുപങ്ങളെ നേര്ചിത്രമായ് വരികളില്‍ കാണാന്‍ സാധിച്ചു
ജീവനേകിയ വരികള്‍