Sunday, September 28, 2014

“മനസ്സിന്റെ ബാന്റ് വിഡ്ത്തിൽ ഒരു കാക്ക”

. ഒരു വലിയ യാത്ര പറഞ്ഞു പോയി നമ്മുടെ മനോരാജ്. അങ്ങിനെയാണെനിയ്ക്ക് തോന്നിയത്. ഒരാഴ്ച മുമ്പ് എന്നെ വിളിയ്ക്കുമ്പോൾ ഒരിടർച്ചയുണ്ടായിരുന്നു ആ പതിഞ്ഞ സ്വരത്തിന്. ശ്വാസം വല്ലാതെ അണയ്ക്കുന്നുണ്ട്. മൂന്നര ആണ്ടോളമായി മനോരാജ് അസ്ക്യതയുടെ കണ്ടുപിടിക്കാനാത്ത ലോകത്തായിരുന്നു. സ്വരം കെട്ട സരണിയിലായിരുന്നു ഇക്കാലമെങ്കിലും സർഗ്ഗസരണിയിൽ അവൻ തിളങ്ങി തന്നെ നിന്നു. അതുകൊണ്ടാണല്ലോ “ജീവിതത്തിന്റെ ബാന്റ്വിഡ്ത്തിൽ ഒരു കാക്ക”യൊക്കെ പിറന്നത്. വയ്യായ്മയുടെ കാഴ്ചയ്ക്ക് തിമിരത്തിന്റെ നിറം കലർന്നപ്പോൾ അവൻ നന്നേ വിഷമിച്ചു. “ഇക്കാ” എന്ന് വിളിച്ച് വരുമ്പോൾ തന്നെ ഞാൻ അവനെ കൊണ്ട് സംസാരിപ്പിക്കാറില്ല. എന്നാലും, അവനെന്നോട് ചോദിക്കുന്നത് എന്റെ പ്രശ്നങ്ങളെ കുറിച്ചായിരിക്കും. പ്രത്യേകിച്ചും സാമ്പത്തീക ബാധ്യതയെ കുറിച്ച്. പ്രയാസത്തിലും എന്നെ സഹായിക്കാനുള്ള മനസ്സ് അവനറിയിക്കും. ആവശ്യമുണ്ടെങ്കിൽ ഞാനറിയിക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറും ഓരോതവണയും. അവസാനമായി പറഞ്ഞത് “ കൃതി ” ബുക്സിനെ കുറിച്ചായിരുന്നു. അതെങ്ങിനെയെങ്കിലും മുന്നോട്ട് കൊണ്ടു പോകണം എന്നായിരുന്നു ആ വാക്ക്. ഒരു കാരണവരുടെ സ്വരം ഉണ്ടായിരുന്നു ആ വാക്കുകൾക്ക്. മലയാളത്തിലെ ഇരുത്തം വന്നവരുടേതടക്കം പ്രസിദ്ധീകരിക്കാൻ പാകമായതും അണിയറയിൽ ഒരുങ്ങുന്നതുമായ വിഭവങ്ങൾ ഉണ്ടായിട്ടും അതെവിടെയും എത്താത്തതിലുള്ള ദു:ഖവും അമർഷവും ആ വാക്കുകളിൽ ഉണ്ടായിരുന്നു. എന്റെ തിരക്കിട്ട ഓട്ടങ്ങൾക്കിടയിൽ കൃതിയുടെ ഒരു സാരഥിയായി നിന്നതും അവനു വേണ്ടി മാത്രമായിരുന്നു. അവനില്ലാത്ത കൃതി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇനിയെന്ത് എന്ന ചോദ്യം ഒരു പ്രഹേളികയാക്കി അവൻ പുറപ്പെട്ടു പോയി.

3 comments:

yousufpa said...

എന്റെ പ്രിയപ്പെട്ട മനോരാജിനു വേണ്ടി....

Usman Pallikkarayil said...

'കാ വാ രേഖ'യില്‍ കവിത ഉള്‍പെടുത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളുമായി പലകുറി ചാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും തമ്മില്‍ സംസാരിക്കുകയുണ്ടായില്ല. ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടായ്കയാല്‍ തമ്മില്‍ കാണലുമുണ്ടായില്ല. പക്ഷെ പലരുടേയും വാക്കുകളില്‍ നിന്ന് മനോരാജ് എന്ന സൌമ്യവ്യക്തിത്വത്തിന്റെ മിഴിവുള്ള ചിത്രം ഒരടുത്ത കൂട്ടുകാരന്റെ നിറക്കൂട്ടില്‍ മനസ്സില്‍ വരച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ കഥകളും അവലോകനങ്ങളും വായിച്ച് ആ ഭാഷാസ്നേഹിയുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞതായൊരു തോന്നലും ഉള്ളിലുണ്ടായിരുന്നു. ഇത്രയകാലത്തില്‍ വിട പറയുമെന്ന് കരുതിയില്ല....
ആത്മശാന്തി നേരുന്നു.

Junaiths said...

അവൻ രക്ഷപെടുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.. കഴിഞ്ഞ തവണ വന്നപ്പോൾ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്നു...